മോഹന്‍ലാലിന്‍റെ തടി ഒട്ടും കുറഞ്ഞില്ലെന്ന് പറയുന്നവര്‍ക്കായി പുതിയ ചിത്രങ്ങളെത്തി  

 

 

കൊച്ചി: ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സജീവമായ ചര്‍ച്ച. തടി കുറച്ച മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയും ടീസറും എത്തിയതോടെ ചര്‍ച്ചയ്ക്ക് കൊഴുപ്പേറി. 51 ദിവസംകൊണ്ട് 18 കിലോ കുറച്ചാണ് മോഹന്‍ലാലിന്റെ പുതിയ എന്‍ട്രി. ഒടിയന്‍ എന്ന സിനിമയിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവനകാലത്തെ അവതരിപ്പിക്കാനാണ് ഈ ഒരുക്കം.  എന്നാല്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കില്‍ സംശയം പ്രകടിപ്പിച്ച് ചില ആരാധകര്‍ രംഗത്തെത്തിയിരുന്നു. താരത്തിന്റെ തടി ഒട്ടും കുറഞ്ഞിട്ടില്ലെന്നായിരുന്നു ആരാധകരുടെ വാദം.  എന്നാല്‍ പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഗംഭീരമായ മാറ്റം വളരെ വ്യക്തമാണ്. അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയത്.  മീശയില്ലാത്തെ വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. ഈ ചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകര്‍ക്കിപ്പോള്‍ സംശയം മാറിക്കാണുമെന്നാണ് ലാല്‍ ഫാന്‍സുകാര്‍ പറയുന്നത്. വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ഒടിയന്റെ ടീസറിനു നല്‍കിയിരിക്കുന്നത്. 2018 ജനുവരി 5ഓടെയാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.  ഫ്രാന്‍സില്‍ നിന്നുള്ള 30 അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചിത്രത്തിന് വേണ്ടിയുള്ള ലാലിന്റെ പരിശീലനം.  ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും അടങ്ങുന്നതാണ് സംഘം. സംവിധായകന്‍ വി എ ശശികുമാര്‍ മേനോനും പരിശീലന കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.

Latest
Widgets Magazine