ബിഷപ്പിനെതിരായ സമരത്തിന് പിന്നില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ സമരത്തിന് പിന്നില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. സഭയില്‍ നീതി ലഭിക്കാത്തതിനാലാണു സമരത്തിനിറങ്ങിയത്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭയുടെ ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സമരം ചെയ്യുന്നവര്‍ക്കെതിരെ അന്വേഷണത്തിനും സന്യാസിനിസഭ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം കന്യസ്ത്രീയെ പീഡിപ്പിച്ചു എന്ന ആരോപണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അസാധാരണമായ സാഹചര്യം ഇപ്പോഴില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റസമ്മതം മാത്രം പോര, അറസ്റ്റിന് തെളിവ് കൂടി വേണം. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അറസ്റ്റ് വേണോയെന്ന് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പഴയ കേസാകുമ്പോള്‍ തെളിവുകള്‍ ശേഖരിക്കാന്‍ താമസമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണം. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണിയുണ്ടായാല്‍ കോടതിയെ സമീപിക്കാം. പ്രതിയുടെ അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു.protest1

പൊലീസിന് മേല്‍ സമ്മര്‍ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസമുണ്ടാകും. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് സാധ്യമാകൂ എന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി. ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരായ ശേഷം കേസ് വീണ്ടും പരിഗണിക്കും.

അതേസമയം പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകുമെന്നും ബിഷപ്പ് അറിയിച്ചു.19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐജി വിജയ് സാക്കറെയാണ് അറിയിച്ചത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.

മൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് വിജയ് സാക്കറെ പറഞ്ഞു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമായത്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും ഐജി പറഞ്ഞു. വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാതെ അറസ്റ്റിന് ശ്രമിച്ചാല്‍ അത് ബിഷപ്പിന് അനുകൂലമായി മാറും. അന്വേഷണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഒരു തരത്തിലും വൈകിയിട്ടില്ല. ഒരുപാട് കാലങ്ങള്‍ക്ക് മുമ്പ് നടന്ന കേസായതിനാല്‍ തന്നെ തെളിവുകള്‍ കൃത്യമായി ശേഖരിക്കേണ്ടതുണ്ടെന്നും ഐ.ജി പറഞ്ഞു

Latest
Widgets Magazine