റഫാല്‍ ഇടപാടില്‍ പുതിയ തെളിവുമായി രാഹുല്‍ ഗാന്ധി; ഇടപാടിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കണ്ടു

റഫാല്‍ ഇടപാടില്‍ പുതിയ തെളിവുമായി രാഹുല്‍ ഗാന്ധി. 2015 മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നേരേന്ദ്ര മോദി റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനും രണ്ടാഴ്ച മുന്നെ ഫ്രാന്‍സിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രിജീന്‍ വെസ്ലേ ഡ്രിയാന്റെ പ്രത്യേക ഉപദേഷ്ടാവായ ജീന്‍ ക്ലൗഡ് മല്ലെറ്റ് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമന്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫ്രെ ബൊക്വൊട്ട് എന്നിവരുമായാണ് അംബാനി കൂടിക്കാഴ്ച നടത്തിയത്.

വളരെ രഹസ്യ സ്വഭാവമുള്ളതും വളരെ പെട്ടെന്ന് തീരുമാനിക്കപ്പെട്ടതുമായിരുന്നു കൂടിക്കാഴ്ചയെന്ന് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമന്‍ വെളിപ്പെടുത്തിയിരുന്നതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ബസ് ഹെലികോപ്ടേഴ്സുമായി ചേര്‍ന്ന് പ്രതിരോധ/വ്യാവസായിക ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ തനിക്ക് താല്‍പര്യമുള്ളതായി അംബാനി അന്ന് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന സമയത്ത് ധാരണാപത്രം (എം.ഒ.യു) ഒപ്പുവെക്കാനുള്ള സാധ്യതയെകുറിച്ചും അംബാനി കൂടിക്കാഴ്ചയില്‍ സംസാരിക്കുകയുണ്ടായി. ധാരണാപത്രം തയ്യാറായി വരികയാണെന്നും അംബാനി വെളിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് 2015 ഏപ്രില്‍ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയുള്ള മോദിയുടെ ഔദ്യോഗിക ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് മോദിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദും റഫാല്‍ കരാര്‍ സംബന്ധിച്ചുള്ള പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തിയത്. ഈ സന്ദര്‍ശനത്തില്‍ അനില്‍ അംബാനിയും പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഈ ആഴ്ച തന്നെയാണ് അംബാനിയുടെ പ്രതിരോധ കമ്പനിയും റഫാല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയുമായ റിലയന്‍സ് ഡിഫന്‍സ് സ്ഥാപിതമായെതെന്നുമാണ് മറ്റൊരു കൗതുകം. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ഇ-മെയിലുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.

Latest