നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു വീരന്‍ ഉതുപ്പ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തു

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. അനധികൃതമായി സമ്പാദിച്ച നൂറു കോടിയിലധികം രൂപ ദുബൈ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് കടത്തിയെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യാനുള്ള നോട്ടീസ് നല്‍കിയെങ്കിലും എത്താത്തതിനെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് തടയണമെന്നപേക്ഷിച്ച് ഉതുപ്പ് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഇയാള്‍ നിലവില്‍ ജാമ്യത്തിലാണ്. കോട്ടയത്തുള്ള മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ വഴിയാണ് ഉതുപ്പ് വിദേശത്തേക്ക് പണം കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം, മണ്ണാര്‍കാട്, തിരുവഞ്ചൂര്‍ എന്നിവിടങ്ങളിലായി ഉതുപ്പു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയടക്കമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. ഇയാള്‍ പണം അയക്കാനായി ഉപയോഗിച്ച മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെടുത്തു വരികയാണ്.

Latest