ഇറക്കുമതികാലം കഴിഞ്ഞിട്ടും റബറിനു കിതപ്പു തന്നെ

rubbകോട്ടയം: റബറിന്റെ ഇറക്കുമതി കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചു. അതോടെ, ആഭ്യന്തര റബറിന് ഡിമാന്‍ഡ് കൂടുകയും വില ഉയരേണ്ടതുമാണ്. പക്ഷേ, അവിടെയും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ തോല്‍പ്പിച്ചു. ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറക്കുമതി കാലാവധി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊടുത്തു. വില ഉയരുമെന്ന് പ്രതീക്ഷിച്ച പാവപ്പെട്ട കര്‍ഷകര്‍ അങ്ങനെ വീണ്ടും നിരാശരായി.

വേനല്‍ ശക്തമായതിനാല്‍ ഇപ്പോള്‍ റബര്‍ വെട്ട് കുറവാണ്. ഷീറ്റ് വരവും കുറഞ്ഞു. ഉപഭോഗം പക്ഷേ കൂടുതല്‍ ആയതിനാല്‍ വില ഉയരേണ്ട സമയമാണിത്. എന്നാല്‍, ഇറക്കുമതി റബര്‍ വന്‍തോതില്‍ സ്‌റ്റോക്കുള്ളതിനാല്‍ വില കൂട്ടാന്‍ തയ്യാറാകാതെ ടയര്‍ ലോബി കര്‍ഷകരെ വഞ്ചിക്കുകയാണ്. നേരത്തേ വാങ്ങിക്കൂട്ടിയ റബര്‍ ടയര്‍ ലോബിയുടെ പക്കലുണ്ട്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊടുത്ത് കര്‍ഷകന്റെ വയറ്റത്തടിച്ചു.

റബര്‍ വില നിയന്ത്രിച്ച് കര്‍ഷകരെ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും വാചകമടി മാത്രമായി മാറുന്ന കാഴ്‌ചയാണ് ഇതുവരെ കണ്ടത്. കിലോഗ്രാമിന് 130 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റബര്‍ സംഭരിക്കുമെന്നും കഴിഞ്ഞ ബഡ്‌ജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം വെറും വാചകമടിയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷി ഉപേക്ഷിക്കുക അല്ലെങ്കില്‍ ആത്‌മഹത്യ ചെയ്യുക. ഈ രണ്ട് മാര്‍ഗങ്ങളിലൊന്ന് സ്വീകരിക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള വഴിയെന്നും കര്‍ഷകര്‍ പറയുന്നു. റബര്‍ വിലയിടിവിന്റെ പേരില്‍ നാളെ ഇടതുപക്ഷ കര്‍ഷകസംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ്. രാഷ്‌ട്രീയത്തിനതീതമായി ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്ന് പറയേണ്ട അവസ്ഥയിലാണ് യു.ഡിഎഫിന്റെ സ്ഥിരം വോട്ട് ബാങ്കായ ഭൂരിപക്ഷം റബര്‍ കര്‍ഷകരും.

 വിപണിയില്‍ അവധി ആലസ്യം

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ റബര്‍ വില ഇപ്പോഴും ആഭ്യന്തര വിപണിയേക്കാളും കുറവാണ്. ചൈനയില്‍ ആര്‍.എസ്.എസ് നാലാം ഗ്രേഡ് കിലോഗ്രാമിന് 117 രൂപയാണ് വില. ടോക്കിയോ, ബാങ്കോക്ക് മാര്‍ക്കറ്റുകളില്‍ 109 രൂപയേ ഉള്ളൂ വില. ആര്‍.എസ്.എസ് – 5 കിലോഗ്രാമിന് 100 രൂപ‌യ്‌ക്കാണ് വന്‍കിട ടയര്‍ കമ്പനികള്‍ക്കായി ഇറക്കുമതി തുടരുന്നത്. റബര്‍ ഐ.എസ്.എസ് ക്വിന്റലിന് 11,300 രൂപ. ആര്‍.എസ്.എസ് – നാല് 12,300 രൂപ.കൊച്ചിയില്‍ 500 ടണ്ണിന്റെ വ്യാപാരമേ നടന്നുള്ളു. ടയര്‍ കമ്പനികള്‍ക്കായി വിതരണക്കാര്‍ 1,000 ടണ്‍ വാങ്ങി. ദു:ഖവെള്ളി, ഈസ്‌റ്റര്‍ അവധിയുടെ ആലസ്യത്തിലാണ് വിപണി ഇപ്പോഴും. ഇനി വിഷു അവധിയും കഴിഞ്ഞേ വിപണി ഉണരൂ.

Top