ഉറക്കത്തില്‍ പാമ്പു കടിയേറ്റ അമ്മയും മുലപ്പാല്‍ കുടിച്ച കുഞ്ഞും മരിച്ചു

ന്യൂഡല്‍ഹി: ഉറക്കത്തില്‍ പാമ്പുകടിയേറ്റ അമ്മയും വിഷബാധയേറ്റ ശരീരത്തില്‍ നിന്ന് മുലപ്പാല്‍ കുടിച്ച കുഞ്ഞും മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 35കാരിയും ഇവരുടെ മൂന്നു വയസുകാരിയായ പെണ്‍കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച വിഷബാധയേറ്റ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇരുവരും ആശുപത്രിയിലെത്തും മുന്‍പ് മരിച്ചതായാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്.

അമ്മയും കുഞ്ഞും കിടന്നതിന്റെ തൊട്ടടുത്ത മുറിയില്‍ കുടുംബാംഗങ്ങള്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പാമ്പുകടിയേറ്റെന്ന സംശയം ഉയര്‍ന്നത്. പാമ്പിനെ പിടികൂടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചില്ല.

അതേസമയം, മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അസ്വാഭാവിക മരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിയിരിക്കുന്നത്.

Top