കൈക്കൂലി കേസില്‍ പിടിയിലായ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കോടികളുടെ സ്വര്‍ണവും ഭൂസ്വത്തും; സമ്പാദ്യം കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ സിബി ഐ തുടങ്ങി

മലപ്പുറം:കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി.രാമകൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദ്യത്തിനും സിബിഐ കണ്ടുകെട്ടും, കണ്ണൂരിലെയും മലപ്പുറത്തെയും ഇയാളുടെ വസതികളില്‍ സിബിഐ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തോളം രൂപയും 80 പവന്റെ സ്വര്‍ണാഭരണങ്ങളും 30 ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തു. കണ്ണൂര്‍ എകെജി സഹകരണ ആസ്പത്രിക്ക് സമീപം പുളിക്കുന്ന് തുളുശേരിയിലുള്ള രാമകൃഷ്ണന്റെ തറവാട്ടു വീട്ടില്‍ തിങ്കളാഴ്ച രാത്രി 9 മുതല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് വരെ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച തുകയും ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖകളും പിടിച്ചെടുത്തു.നാലു ജില്ലകളിലായി രാമകൃഷ്ണന് കോടികളുടെ സ്വത്തുക്കളാണ് ഉള്ളത്. ഇവ അനധികൃതമായി സമ്പാദിച്ചതായാണ് സിബിഐ കണ്ടെത്തിയത്.

pasport cbi

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി രാമകൃഷ്ണന് നൂറില്‍പരം ഏക്കര്‍ ഭൂമിയുണ്ടെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി ചുമതലേയറ്റ ശേഷമാണ് ഈ വസ്തുക്കളിലധികവും രാമകൃഷ്ണന്‍ സ്വന്തമാക്കിയത്. കണ്ണൂരിലെയും മലപ്പുറത്തെയും വസ്തുക്കള്‍ ഭാര്യയുടെയും മറ്റു അടുത്ത ബന്ധുക്കളുടെയും പേരിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇവയ്ക്ക് കോടികളുടെ വില വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
വിവിധ ബാങ്കുകളില്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കണ്ണൂരില്‍ പോസ്റ്റല്‍ അസിസ്റ്റന്റായ ഭാര്യയുടെ പേരില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയിലുമുള്ള നിക്ഷപങ്ങളുടെ രേഖകളും വസ്തുസംബന്ധിച്ച രേഖകളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. കണ്ണൂര്‍ സ്വദേശിയായ രാമകൃഷ്ണന്‍ കോഴിക്കോട് തപാല്‍ സൂപ്രണ്ടായിരിക്കേയാണ് പാസ്‌പോര്‍ട്ട് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ മലപ്പുറത്തെത്തുന്നത്. 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തെങ്കിലും ഭാര്യയടക്കമുള്ളവര്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഒഴിച്ചുള്ള 40 പവന്റെ ഇന്‍വെന്ററി തയ്യാറാക്കിയ ശേഷം മുഴുവന്‍ ആഭരണങ്ങളും തിരിച്ചേല്‍പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആവശ്യമായി വന്നാല്‍ ഇവ കസ്റ്റഡിയിലെടുക്കും.

പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ കൈക്കൂലിയായി അപേക്ഷകനില്‍ നിന്ന് വാങ്ങിയ 50,000 രൂപക്ക് പുറമേ 65,000 രൂപ കൂടി മലപ്പുറത്തെ രാമകൃഷ്ണന്റെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് അന്നേദിവസം മറ്റാരില്‍ നിന്നോ കൈക്കൂലിയായി ലഭിച്ച പണമാണെന്ന് സിബിഐ പറയുന്നു. മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസറായി ഇരുന്ന ഒന്നര വര്‍ഷം കൊണ്ട് രാമകൃഷ്ണന്‍ ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യമുണ്ടാക്കിയെന്നാണ് സിബിഐ യുടെ നിഗമനം. പാസ്‌പോര്‍ട്ടിന് യോഗ്യതയില്ലാത്ത പലര്‍ക്കും ഇയാള്‍ വന്‍തുക കൈക്കൂലി വാങ്ങി പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നു. ദിവസം തോറും അരലക്ഷം രൂപയെങ്കിലും ഇയാള്‍ക്ക് കൈക്കൂലിയായി ലഭിച്ചിരുന്നുവെന്നാണ് സിബിഐ പറയുന്നത്.

രാമകൃഷ്ണനോടൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശി അബ്ദുള്‍ അമീറിനെ പോലുള്ള പാസ്‌പോര്‍ട്ട് ഏജന്റുമാരാണ് ഇയാളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. അബ്ദുള്‍ അമീറിലൂടെ മാത്രം അഞ്ച് ലക്ഷം രൂപ ഇയാള്‍ ചുരുങ്ങിയ സമയത്തിനിടെ കൈക്കൂലിയായി സമ്പാദിച്ചിട്ടുണ്ട്. അമീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20,000 രൂപയും നിരവധി പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ട് ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥനായ മലയാളിയില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാമകൃഷ്ണനും അബ്ദുള്‍ അമീറും അറസ്റ്റിലായത്. പാസ്‌പോര്‍ട്ടിലെ ബംഗളൂരുവിലെ വിലാസം മലപ്പുറത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയ ഇദ്ദേഹത്തോട് അബ്ദുള്‍ അമീര്‍ വഴി രാമകൃഷ്ണന്‍ 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ സിബിഐക്ക് പരാതി നല്‍കി. അന്വേഷണത്തിനായി മലപ്പുറത്തെത്തിയ സിബിഐ ഇന്‍സ്‌പെക്ടര്‍മാരായ പി.ഐ അബ്ദുള്‍ അസീസും സന്തോഷ്‌കുമാറും നല്‍കിയ നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥന്‍ ഏജന്റിനെ കാണുകയും പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയതിന് പ്രതിഫലമായി ആവശ്യപ്പെട്ട അമ്പതിനായിരം രൂപ രാമകൃഷ്ണന്റെ വാടക വീട്ടില്‍ വെച്ച് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു.

Top