ഡോ. കലാമിന്റെ പ്രചോദനാത്മകമായ പുസ്തകങ്ങള്‍

ലോകം വാഴ്ത്തുന്ന ശാസ്ത്രജ്ഞനായി പേരെടുത്തപ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ന്നപ്പോഴും തീര്‍ത്തും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ.എ.പി.ജെ അബ്ദുള്‍ കലാം. നിരവധി പുസ്തകങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. സ്വന്തം ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്നവ മുതല്‍ ഇന്ത്യയുടെ ഭാവിയെ പറ്റി തനിക്കുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നവ വരെ. തലമുറകള്‍ക്ക് പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒട്ടുമിക്കവയും ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഗ്‌നിച്ചിറകുകള്‍ (വിംഗ്‌സ് ഓഫ് ഫയര്‍), ജ്വലിക്കുന്ന മനസ്സുകള്‍ (ഇഗ്‌നൈറ്റഡ് മൈന്റ്‌സ്), യുവത്വം കൊതിക്കുന്ന ഇന്ത്യ (ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ), എന്റെ ജീവിതയാത്ര (മൈ ജേര്‍ണി), വിടരേണ്ട പൂമൊട്ടുകള്‍ (യു ആര്‍ ബോണ്‍ റ്റു ബ്ലോസം), അസാധ്യതയിലെ സാധ്യത (സ്‌ക്വയറിംഗ് ദി സര്‍ക്കിള്‍: സെവന്‍ സ്‌റ്റെപ്‌സ് ടു ഇന്ത്യന്‍ റെണെയ്‌സന്‍സ്), അജയ്യമായ ആത്മചൈതന്യം (ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്), വഴിത്തിരുവുകള്‍ (ടെണിങ് പോയിന്റ്) തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി.

അബ്ദുള്‍ കലാമിന്റെ കൃതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ ‘വിഗ്‌സ് ഓഫ് ഫയര്‍’. വിവിധ ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെന്നെത്തിയ ഭാഷകളിലെല്ലാം വായനക്കാരെ ഏറെ ആകര്‍ഷിക്കുകയും ചെയ്ത ഈ പുസ്തകം അഗ്‌നിച്ചിറകുകള്‍ എന്നപേരില്‍ മലയാളത്തില്‍ എത്തിയപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വായനക്കാര്‍ നെഞ്ചേറ്റിയ അഗ്‌നിച്ചിറകുകളുടെ അന്‍പത്തിയെട്ടാമത് പതിപ്പ് പുറത്തിറങ്ങി.

കഴിവും വൈദഗ്ദ്ധ്യവുമുള്ള ഒരു ജനതയുടെ പതനത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ജ്വലിക്കുന്ന മനസ്സുകള്‍. വികസിതമായൊരിന്ത്യയെന്ന എന്ന അബ്ദുള്‍കലാമിന്റെ സ്വപ്‌നം പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തില്‍.’ഇഗ്‌നൈറ്റഡ് മൈന്റ്‌സ്’ എന്ന അബ്ദുള്‍ കലാമിന്റെ ലേഖനങ്ങളുടെ സമാഹാരമായ ജ്വലിക്കുന്ന മനസ്സുകള്‍ 2002ലാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ 29ാമത് പതിപ്പ് പുറത്തിറങ്ങി.

ഭരണ നിര്‍വ്വഹണത്തെപ്പറ്റിയുള്ള യുവത്വത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയെന്നോണം തയ്യാറാക്കിയ പുസ്തകമാണ് ‘ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ’. ജനാധിപത്യത്തില്‍ യുവജനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പറയുന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് യുവത്വം കൊതിക്കുന്ന ഇന്ത്യ. മികച്ച ഭരണത്തിലൂടെ ശാക്തീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തെ എങ്ങനെ പടുത്തുയര്‍ത്താമെന്ന് യുവത്വം കൊതിക്കുന്ന ഇന്ത്യ വിശദീകരിക്കുന്നു. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.

സ്വപ്നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ കാണുന്ന ഒന്നല്ലെന്നും അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തതാണെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് അബ്ദുള്‍ കലാം രചിച്ച ‘മൈ ജേര്‍ണി’. അബ്ദുള്‍കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളര്‍ച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓര്‍ത്തെടുക്കുകയാണ് ഇതില്‍. ‘മൈ ജേര്‍ണി’യുടെ മലയാള പരിഭാഷയാണ് എന്റെ ജീവിതയാത്ര. എന്റെ ജീവിതയാത്രയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങളടങ്ങുന്ന പുസ്തകമാണ് ‘യു ആര്‍ ബോണ്‍ റ്റു ബ്ലോസം’. ജീവിതത്തില്‍ വിടരാന്‍ വിധിക്കപ്പെട്ട പൂമൊട്ടുകളാണ് ഓരോ മനുഷ്യജീവിയും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ ആശയത്തിലൂന്നിയാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വിടരേണ്ട പൂമൊട്ടുകളുടെ ആറാമത് പതിപ്പ് പുറത്തിറങ്ങി.

അബ്ദുള്‍കലാം തന്റെ ചിന്തകള്‍ അരുണ്‍ തിവാരിയുമായി പങ്കുവെച്ച് ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ് ‘സ്‌ക്വയറിംഗ് ദി സര്‍ക്കിള്‍: സെവന്‍ സ്‌റ്റെപ്‌സ് ടു ഇന്ത്യന്‍ റെണെയ്‌സന്‍സ്’. ഇതിന്റെ മലയാള വിവര്‍ത്തനമാണ് അസാധ്യതയിലെ സാധ്യത. ഭാരതീയ നവോത്ഥാനത്തിലേക്കുള്ള ഏഴ് പടവുകളാണ് ഈ പുസ്തകത്തിലൂടെ വെളിവാകുന്നത്. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.

അജയ്യമായ ആത്മചൈതന്യം എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ‘ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്’ എന്ന കൃതിയില്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ അനിവാര്യമായ രണ്ട് ഘടകങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു വ്യക്തിയെ വിജയപാതയിലേക്ക് നയിക്കാനായി അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് ഒരു സ്വപ്‌നവും ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള കഴിവും. തന്റെ സാര്‍ത്ഥകമായ ജീവിതത്തില്‍ മുറുകെ പിടിച്ച മൂല്യങ്ങളും ചിന്തകളും ആശയങ്ങളുമാണ് അബ്ദുള്‍ കലാം അജയ്യമായ ആത്മചൈതന്യം എന്ന കൃതിയിലൂടെ സമൂഹത്തിന് നല്‍കുന്നത്. പുസ്തകത്തിന്റെ 12ാമത് പതിപ്പ് പുറത്തിറങ്ങി.

ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ‘ടെണിങ് പോയിന്റ്’. കര്‍മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ സഫലനിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് വഴിത്തിരുവുകള്‍. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.

സ്വപ്‌നങ്ങള്‍ കാണാന്‍, അവ നടപ്പാക്കാന്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാം തന്റെ കൃതികളിലൂടെ ആഹ്വാനം ചെയ്തു. അതുകൊണ്ടു തന്നെ പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.

Top