ധനുഷും രാഷ്ട്രീയത്തിലേക്ക്? ആരാധകര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം

ചര്‍ച്ചയായി തമിഴ് സൂപ്പര്‍താരം ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍. സാമൂഹിക സേവനത്തിനിറങ്ങണമെന്ന് തന്റെ ആരാധകരുടെ കൂട്ടായ്മയോട് ധനുഷ് ആവശ്യപ്പെട്ടതാണ് ഈ സംശയത്തിന് വഴിമരുന്നിട്ടത്. ആരാധകര്‍ സംഘടിപ്പിച്ച ഒരു രക്തദാന ക്യാമ്പില്‍ സംസാരിക്കവേയാണ് ധനുഷ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കുന്ന പ്രസ്താവനകള്‍ നടത്തിയത്.

ആരാധകരുടെ ഒത്തൊരുമയ്ക്ക് വലിയ ശക്തിയുണ്ടെന്നും അതിനൊരു ലക്ഷ്യം ഉണ്ടാകണമെന്നും ധനുഷ് തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സിനിമകളുടെ ഓഡിയോ ലോഞ്ചുകള്‍ക്കും ആരാധക സംഗമങ്ങള്‍ക്കും അപ്പുറം, തങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ ആരാധകര്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതല്‍ അഭിമാനം തോന്നണം’ എന്ന് താരം പറഞ്ഞത്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടിത്തറ പാകുന്നതിനുള്ള നീക്കമാണോ എന്ന് പലരും സംശയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇവിടെ ഇത്രയേറെപേര്‍ ഒത്തുകൂടിയിരിക്കുന്നു. ഈ ഒത്തൊരുമയ്ക്ക് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങള്‍ പോസിറ്റീവായ വഴിയേ കൊണ്ടുപോകണം. ആ ശക്തിക്ക് ഒരു ലക്ഷ്യം നല്‍കണം. ഒന്നിച്ചിരുന്ന് ഫോട്ടോയെടുക്കുന്നതിനും ഓഡിയോ ലോഞ്ചുകള്‍ക്കും അപ്പുറം എല്ലാവരും ഒരുമിച്ചുചേര്‍ന്ന് സമൂഹത്തിനായി പ്രവര്‍ത്തിക്കണം. നിങ്ങളുടെ നാട്ടില്‍, അയല്‍പക്കത്ത് എന്തുവേണമെന്ന് മനസിലാക്കി എല്ലാവരുംചേര്‍ന്ന് കൈകോര്‍ത്താല്‍ നിങ്ങളെക്കൊണ്ട് സാധിക്കും. മറ്റുള്ളവര്‍ക്കായി നിങ്ങളെക്കൊണ്ട് സാധിക്കുന്നത് ചെയ്യണം. അങ്ങനെയെങ്കില്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് ഞാനിനിയും അഭിമാനിക്കും. നിങ്ങളത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ധനുഷിന്റെ വാക്കുകള്‍.

ഈ നീക്കത്തെ മറ്റൊരു സൂപ്പര്‍താരമായ വിജയ്യുടേതുമായി താരതമ്യം ചെയ്യുകയാണ് ആരാധകര്‍. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (TVK) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് വര്‍ഷങ്ങളോളം വിജയ് തന്റെ ആരാധക സംഘടനകളിലൂടെ സമാനമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് എത്തുകയാണെങ്കില്‍ തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടം പുതിയ തലത്തിലേക്ക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ ധനുഷിന്റെ ഈ പ്രസംഗം വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാടിന് വിദ്യാസമ്പന്നരും ധൈര്യശാലികളുമായ പുതിയ ശബ്ദങ്ങളെ ആവശ്യമുണ്ടെന്ന് ചിലര്‍ താരത്തെ സ്വാഗതം ചെയ്ത് കുറിച്ചു. എന്നാല്‍ മറ്റുചിലര്‍ സിനിമയില്‍ നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശനാത്മകമായാണ് കാണുന്നത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ധനുഷ് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഓരോ നീക്കവും വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ നിരീക്ഷിക്കുന്നത്.

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം ആണ് ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു താരം. സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാര്‍.

dhanush-political-entry-rumors-urges-fans-social-welfare-activities-

Top