സംഘര്‍ഷത്തിന്റെ പുസ്തകമായി ‘എതിരടയാളത്തിന്റെ ആത്മകഥ’

കമ്പോള സാമ്രാജ്യത്വ ശക്തികള്‍ അധീശത്വം നേടീയ നവസാമൂഹിക വ്യവസ്ഥകളോടുള്ള പ്രതികരണമാണ് ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ നോവല്‍ എതിരടയാളത്തിന്റെ ആത്മകഥ. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെ, ആഗ്രഹങ്ങളെ ഒക്കെ കപടനാട്യങ്ങളിലൂടെ നിയന്ത്രിച്ച് തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരുന്ന കുത്തക ശക്തികള്‍ തങ്ങളുടെ നീരാളിപ്പിടിത്തം മുറുക്കുന്ന ഒരു മഹാനഗരത്തില്‍, അതിന്റെ ശക്തമായ ആലിംഗനത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനായി പോരാടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തെയാണ് ഈ നോവല്‍ വരച്ചിടുന്നത്. ഒരു ജനസമൂഹത്തെ, സംസ്‌കാരത്തെ, ജീവിതക്രമത്തെയൊക്കെ ഒന്നാകെ വിഴുങ്ങാന്‍ ഒരുങ്ങുന്ന ഈ നവലോകക്രമത്തിനെതിരെ എപ്പോഴും പ്രസക്തമാകുന്നത് ചിലകൊച്ചു കൊച്ചു ശബ്ദങ്ങളാണെന്ന് അരുണന്റെയും നളിനിയുടെയും ജീവിതത്തിലൂടെ തെളിയുന്നു.

എതിരടയാളങ്ങളുടെ ആത്മകഥ സംഘര്‍ഷത്തിന്റെ പുസ്തകമാണ്. പങ്കിടാന്‍ പരിമിതികളുള്ള ആത്മസംഘര്‍ഷങ്ങളാണതില്‍ അക്ഷരങ്ങളായി വ്യാപിക്കുന്നത്. ഭയാശങ്കകളും ആധികളും കുമിഞ്ഞുകൂടുന്ന സാധാരണക്കാരന്റെ ജീവിതത്തെയും ഒപ്പം സഹനപരിധിയുടെ നെല്ലിപ്പലക കണ്ടിട്ട്, പ്രതിരോധിക്കാനൊരുങ്ങുന്ന അവരുടെ മനസ്സിനെയും ഒരേ സമയം പ്രതിനിധീകരിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. എത്ര ചെറിയ തോതിലായാലും തിന്മകള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ഇവര്‍ വായനക്കാര്‍ക്കു നല്‍കുന്നത്.

ethiratayalathinteathmakathaഈ നോവലിലെ പ്രഥാന കഥാപാത്രങ്ങളായ അരുണനും നളിനിയും കടന്നുപോകുന്നതുപോലുള്ള സന്ദിഗ്ധാവസ്ഥകള്‍, ഒരു സഹായഹസ്തത്തിനായി പരതിയ നിമിഷങ്ങള്‍ ഒക്കെ വായനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും സ്വന്തം ജീവിതത്തില്‍ കണ്ടെത്താനാവും. എന്നുമെപ്പോഴും സമൂഹത്തിനായി ഓരോ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത ഇവര്‍ക്ക് നേരിടേണ്ടിവന്ന അവസ്ഥ എല്ലായ്‌പ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന വിധമാണ് നോവലിസ്റ്റ് ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒട്ടേറെ ശ്രദ്ധേയമായ കഥകളിലൂടെ തന്റെ സാന്നിദ്ധ്യം മലയാളസാഹിത്യത്തില്‍ അറിയിച്ചിട്ടുള്ള ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ ആദ്യനോവലാണ് എതിരടയാളത്തിന്റെ ആത്മകഥ. ജീവിതം ദുരിതങ്ങളുടെ യാത്രയായി മാറുമ്പോഴും നമ്മള്‍ ഉയര്‍ത്തുന്ന പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും ശക്തമാക്കാന്‍ ഇനിയും അരുണന്‍മാരും നളിനിമാരും ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന ചിന്ത ഉണര്‍ത്തുന്ന നോവല്‍ മാനസികമായും സൈദ്ധാന്തികമായും വ്യത്യസ്തമായൊരു വായന പകര്‍ന്നു നല്‍കുന്നു.

Top