അണികളില്‍ ആവേശമുയര്‍ത്തി സിപിഎമ്മിന്റ മനുഷ്യമതില്‍; കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളം ചുവന്നു

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം കരുത്ത് തെളിയിച്ച് സിപിഎം ജനകീയ സമരം. ലക്ഷങ്ങളെ അണിനിരത്തി പതിരോധ ചങ്ങല തീര്‍ത്ത് സി.പി.എം ഇന്നലെ ജനകീയ സമരചരിത്രത്തില്‍ പുതിയ അടയാളമായി. മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നില്‍ തുടങ്ങി അണമുറിയാത്ത ഒരു മനുഷ്യമതില്‍ പോലെ നീണ്ട ജനകീയപ്രതിരോധം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
ആയിരം കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡിന്റെ ഒരു വശത്തിരുന്ന് സമരം ചെയ്തത് കാല്‍കോടി ജനമെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ അറിയിച്ചു. ഗതാഗത തടസം സൃഷ്ടിക്കാതെയായിരുന്നു സമരം. വൈകിട്ട് നാലിന് തുടങ്ങിയ സമരം അഞ്ചിന് പ്രതിജ്ഞ ചൊല്ലി അവസാനിപ്പിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായിട്ടാണ് സി.പി.എം ജനകീയപ്രതിരോധം സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വത്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍.
തിരുവനന്തപുരത്ത് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദനും അവസാനകണ്ണികളായപ്പോള്‍ മഞ്ചേശ്വരത്ത് മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് ആദ്യ കണ്ണിയായത്. തലസ്ഥാനജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ട് ലക്ഷം പേരാണ് സമരത്തില്‍ പങ്കാളികളായതെന്ന് സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജില്ലയില്‍ 80 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു സമരം. പ്രധാനപ്പെട്ട 50 കേന്ദ്രങ്ങളില്‍ ജില്ലയിലെ പ്രമുഖ പാര്‍ട്ടിനേതാക്കള്‍ അണിനിരന്നു. രാജ്ഭവന് മുന്നില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗം എം. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണറായിയും കോടിയേരിയും സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ദേശീയ പാതയ്ക്ക് പുറമേ എം.സി റോഡില്‍ അങ്കമാലി മുതല്‍ കേശവദാസപുരം വരെ 241 കിലോമീറ്ററും വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും പാലക്കാട് ടൗണ്‍ മുതല്‍ ഷൊര്‍ണൂര്‍ കൊളപ്പുള്ളി വരെ 72 കിലോമീറ്ററും ഇടുക്കിയില്‍ 75 കിലോമീറ്ററും പ്രതിരോധനിര തീര്‍ത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top