എടപ്പാള്‍ ബാലപീഡനക്കേസില്‍ വീഴ്ച സംഭവിച്ചത് എസ്‌ഐക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്; ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി

മലപ്പുറം: എടപ്പാള്‍ ബാലപീഡനക്കേസില്‍ വീഴ്ച സംഭവിച്ചത് എസ്‌ഐക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്.  ഉയര്‍ന്ന ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കൈമാറി. ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബി ഒഴികെയുള്ളവര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തല്‍. പരാതി ലഭിച്ചിട്ടും എസ്‌ഐ കേസെടുത്തില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിനെ കുറിച്ച് അറിയാതിരുന്ന തിരൂര്‍ ഡിവൈഎസ്പിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശം.

എടപ്പാളില്‍ തീയറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് അതു മറച്ചു വയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് വ്യാപക ആരോപണമാണുള്ളത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്തെ തിയേറ്ററില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെയാണ്  പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.  മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോകുംവഴിയാണ് പ്രതി മൊയ്തീന്‍കുട്ടി പൊലീസ് പിടിയിലായത്.

Top