ഏലക്കയും വിലയിടിവിന്റെ പിടിയില്‍: കര്‍ഷകര്‍ക്കു കനത്ത തിരിച്ചടി

cardഇടുക്കി: റബറിനും കുരുമുളകിനും പിന്നാലെ ഇതാ നമ്മുടെ സ്വന്തം സുഗന്ധറാണി ഏലയ്‌ക്കയും വിലയിടിവിന്റെ രോഗക്കിടക്കയിലായി. ഇനി ഏതാനും കായകള്‍ കൂടി നുള്ളിക്കഴിഞ്ഞാല്‍ ഏലയ്‌ക്കയുടെ സ്വന്തം നാടായ ഇടുക്കി ഹൈറേഞ്ചുകളില്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് കാലം അവസാനിക്കും. ഉത്‌പാദനം ഇക്കുറി തീരെ കുറവാണ്. ഈ അവസ്ഥയില്‍ വില കുതിച്ചുയരേണ്ടതുമാണ്. പക്ഷേ, നേരേ മറിച്ചാണ് കാര്യങ്ങള്‍.
ലേല കേന്ദ്രങ്ങളിലും പൊതു വിപണികളിലും ഏലയ്‌ക്കക്ക് വില കുത്തനേ ഇടിയുന്ന കാഴ്‌ചയാണ് ഇപ്പോള്‍. കഴിഞ്ഞമാസം കിലോഗ്രാമിന് ശരാശരി വില 900 രൂപയായിരുന്നു. ഈവാരമാദ്യം വില 750 രൂപയിലേക്ക് ഇടിഞ്ഞു. പൊതു വിപണിയിലാകട്ടെ ശരാശരി വില കിലോഗ്രാമിന് 650 രൂപയാണ്. ലേല കേന്ദ്രങ്ങളിലെ കൂടിയ വില കഴിഞ്ഞമാസം 1200 രൂപയായിരുന്നു. വില ഇപ്പോള്‍ 1000 രൂപയ്‌ക്ക് താഴെയെത്തി.
വില ഇങ്ങനെ കുറയുന്നു
കാലാവസ്ഥയിലെ മാറ്റങ്ങളാണ് ഇക്കുറി ഉത്‌പാദനം കുറയാന്‍ കാരണമായത്. അടുത്ത സീസണ്‍ സാധാണ ഗതിയില്‍ നടക്കേണ്ടത് ആഗസ്‌റ്റിലാണ്. എന്നാല്‍, ഇത് ജൂണില്‍ തന്നെ എത്തുമെന്നാണ് സൂചന. ജൂണ്‍ സീസണില്‍ മികച്ച വിളവും പ്രതീക്ഷിക്കുന്നു. ഇതു കണക്കിലെടുത്ത് വ്യാപാരികള്‍ നിലവില്‍ സ്‌റ്റോക്കുള്ള ഏലയ്‌ക്ക വില കുറച്ച് വില്‍ക്കുകയാണ്. ആഭ്യന്തര വിപണിയില്‍, ഇന്ത്യന്‍ ഏലയ്‌ക്കയുടെ വരവ് കുറവാണ്. വില തീരെ കുറഞ്ഞ ഗ്വാട്ടിമാല ഏലയ്‌ക്ക ഇന്ത്യന്‍ വിപണി കൈയടക്കുന്നതും വില കുത്തനേ ഇടിയാന്‍ കാരണമാകുന്നു. കൈയില്‍ സ്‌റ്റോക്കില്ലെന്നതും വില കുറവാണെന്നതും ഏലയ്‌ക്ക കര്‍ഷകരെയാണ് പ്രതിസന്ധിയിലാക്കിയത്.
ഇക്കുറി വിളവെടുപ്പ് നേരത്തേയെത്തും
വര്‍ഷത്തില്‍ സാധാരണയായി മൂന്നു തവണയാണ് പ്രധാന വിളവെടുപ്പ്. മഴ ലഭ്യതയും മറ്റ് കാലാവസ്ഥ ഘടകങ്ങളും വള പ്രയോഗങ്ങളും അനുസരിച്ച് വിളവ് ചിലപ്പോള്‍ ഒരു ഘട്ടം കൂടി വര്‍ദ്ധിച്ച് നാല് തവണ ലഭിക്കുന്ന സാഹചര്യവുമുണ്ട്. കാര്യമായ വരള്‍ച്ച ഏല്‍ക്കാത്തതും കാലവര്‍ഷക്കെടുതി ഉണ്ടാകാത്തതും ശക്തമായ വേനല്‍ മഴയെത്തിയതും ഈ വര്‍ഷത്തെ എലം കൃഷിക്ക് ഏറെ അനുകൂല ഘടകമാണ്. ഈ വര്‍ഷം ജൂണില്‍ തന്നെ വിളവെടുപ്പ് തുടങ്ങാനാകുമെന്നാണ് കണക്കുകൂട്ടല്‍. സാധാരണയായി ആഗസ്‌റ്റിലാണ് വിളവെടുപ്പ് ആരംഭിക്കേണ്ടത്.

 

Top