കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിന്റെ ആ പഴയ ഗോളി ഇവിടെയുണ്ട് വാര്‍ക്കപണിക്കാരനായി; വിശപ്പിന് മുന്നില്‍ സ്വപ്‌നങ്ങള്‍ വഴിമാറിയ കഥ

BENGAL

കൊച്ചി:ഇന്ത്യക്ക് വേണ്ടി ഗോള്‍ വലകാക്കണമെന്നായിരുന്നു ഈ ഫുട്‌ബോള്‍ കളിക്കാരന്റെ എക്കാലെത്തെയും സ്വപ്‌നം പക്ഷെ വിധി മറ്റൊന്നായിരുന്നു…ഇന്ന് കേരളത്തിലെ ആയിരകണക്കിന് ഇതര സംസ്ഥാന തൊഴിലാകള്‍ക്കൊപ്പമാണ് ഈ സ്വപ്‌നം കണ്ട യുവാവ്.
10 വര്‍ഷം മുമ്പ് ഇരമ്പിയാര്‍ത്ത ഫുട്ബാള്‍ മൈതാനങ്ങളില്‍ താരമായിരുന്ന അനൂപ് ദാസെന്ന ബംഗാളി ഇന്ന് കേരളത്തിലുണ്ട്. ബംഗാളിലെ പ്രമുഖ ക്‌ളബായ ഈസ്റ്റ് ബംഗാളിന്റെ ജൂനിയര്‍ ടീം ഗോളിയായ ബംഗാള്‍ സ്വദേശി അനൂപ് ദാസ് ഇന്ന് മലപ്പുറം ജില്ലയിലെ കണ്ണമംഗലത്ത് വാളക്കുടയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി. പെനാല്‍ട്ടി ഷൂട്ടിന് മുന്നില്‍ മനസ്സ് പതറാത്ത അനൂപിന് സഹോദരങ്ങളുടെ വിശപ്പിന് മുന്നില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് ഉപേക്ഷിക്കേണ്ടിവന്നു. 10 വര്‍ഷം മുമ്പ് ബംഗാളിലെ പര്‍ഗാനാ ജില്ലയിലെ നേതാജിപള്ളിയില്‍നിന്ന് ജീവിതം തേടി കേരളത്തിലേക്ക് വണ്ടി കയറി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോള്‍വല കാക്കണം എന്ന ഈ യുവ കളിക്കാരന്റെ സ്വപ്‌നങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നു.

ദാരിദ്ര്യവും കുടുംബഭാരവും ജീവിതത്തെ മൈതാനത്തുനിന്നും സ്വപ്നങ്ങളില്‍നിന്നും അടര്‍ത്തി മാറ്റി. 2002ല്‍ പ്‌ളസ് ടു പഠനകാലത്ത് ഈസ്റ്റ് ബംഗാള്‍ ജൂനിയര്‍ ടീമിനു വേണ്ടി കളിക്കാന്‍ വയനാട് വെറ്ററിനറി കോളജില്‍ എത്തിയപ്പോഴാണ് ആദ്യമായി കേരളത്തിലത്തെുന്നത്.
പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ മരണവും അമ്മയുടെ മരണവുമാണ് കുടുംബത്തെ പട്ടിണിയിലാക്കിയത്. സ്വപ്നത്തേക്കാള്‍ വലുത് ജീവിതമാണെന്ന് തിരിച്ചറിഞ്ഞ അനൂപ് കേരളത്തിലേക്ക് വണ്ടി കയറി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലടക്കം നിരവധി സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്തു. ഇപ്പോള്‍ സഹോദരന്‍ സരൂപ് ദാസ്, സഹോദരി ചാമ്പാ ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം കേരളത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top