തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി.
പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്നില്‍ നിന്നാണ്രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി.
ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്.
അതേസമയം, ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ എഡിജിപി എച്ച് വെങ്കിടേഷ് നിര്‍ദ്ദേശം നല്‍കിയതോടെ രാഹുലിനായി വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതിക്കാരിയുടെ മൊഴിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ്ഐടി സംഘം നടത്തിയത്.
നാലുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. ഫ്ലാറ്റിനു സമീപം ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫ്ലാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
രാഹുലിന്റെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരും. ഫ്ലാറ്റിലെ കെയര്‍ടേക്കറില്‍ നിന്ന് ഉള്‍പ്പെടെ പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. രാഹുല്‍ ഒളിവില്‍ പോയ വഴി കണ്ടെത്താന്‍, പാലക്കാട് കണ്ണാടിയില്‍ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കോയമ്പത്തൂര്‍, കൊച്ചി കേന്ദ്രീകരിച്ചും രാഹുലിനു വേണ്ടി തിരച്ചില്‍ തുടരുകയാണ് എസ്ഐടി സംഘം.


