സംഗക്കാരയെപ്പറ്റി അറിയേണ്ട അഞ്ചു കാര്യങ്ങള്‍

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിടപറയാനൊരുങ്ങുകയാണ് ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര. കുമാര്‍ സംഗക്കാരയെക്കുറിച്ച് ഇതുവരെ നമ്മളറിയാത്ത അഞ്ചു കാര്യങ്ങളാണിവിടെ പറയുന്നത്.

1-എ ബി ഡിവില്ലിയേഴ്സിനെപ്പോലെ ചെറുപ്പകാലത്ത് ക്രിക്കറ്റായിരുന്നില്ല സംഗയുടെ പ്രധാന വിനോദം. ബാഡ്മിന്റണ്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, നീന്തല്‍ എന്നീ ഇനങ്ങളില്‍ ജൂനിയര്‍ തലത്തില്‍ കളിച്ചിട്ടുള്ള സംഗ ബാഡ്മിന്റണിലും ടെന്നീസിലും ജൂനിയര്‍ തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. ഒടുവില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സംഗയുടെ അമ്മയെ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് സംഗ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത്. കോളജില്‍ പഠിക്കുമ്പോള്‍ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരവും സംഗ നേടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2-സംഗയുമായി ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്താലും ഗ്രൗണ്ടിന് പുറത്ത് കൊമ്പുകോര്‍ക്കരുത്. കാരണം സംഗക്കാര ഒരു അഭിഭാഷകന്‍ കൂടിയാണെന്നതുതന്നെ. അച്ഛന്റെ പാത പിന്തുടര്‍ന്ന് സ്കൂള്‍ കഴിഞ്ഞ് സംഗ കൊളംബോ യൂണിവേഴ്സിറ്റിയിലെ ലോ ഫാക്കല്‍റ്റിയില്‍ ചേര്‍ന്നെങ്കിലും ക്രിക്കറ്റ് മത്സരങ്ങളെത്തുടര്‍ന്ന് കോഴ്സ് പൂര്‍ത്തീകരിക്കാനായിരുന്നില്ല. പിന്നീട് സംഗ ഇതേ യൂണിവേഴ്സിറ്റിയില്‍നിന്നുതന്നെ നിയമബിരുദമെടുത്തു.

3-ക്രിക്കറ്റിന്‍റെ സാങ്കേതിക വിഷയങ്ങളില്‍ അന്തിമ വാക്ക് പറയാന്‍ അവകാശമുള്ള സ്ഥാപനമായ മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍(എംസിസി) സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് കൗഡ്രേ സ്പീച്ച് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും സംഗക്കാരയ്ക്കാണ്. 2011ലായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെയും കെടുകാര്യസ്ഥതയെക്കുറിച്ച് ലോര്‍ഡ്സില്‍ സംഗയുടെ പ്രഭാഷണം. സംഗയുടെ പ്രഭാഷണം ശ്രീലങ്കയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി.

4- ബാറ്റുകൊണ്ടുമാത്രമല്ല സംഗ കവിത രചിക്കുന്നത്. മികച്ചൊരു വയലിനിസ്റ്റ് കൂടിയാണ് സംഗക്കാര.

5- ബാറ്റ്സ്മാനെന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 8000, 9000, 11000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റ്സ്മാനാണ് സംഗ. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടിയ ഏക താരവും സംഗക്കാരയാണ്. മഹേല ജയവര്‍ധനയ്ക്കൊപ്പം സംഗക്കാര നേടിയ 624 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

Top