ഹജ്ജ് ദുരന്തം: 10 മലയാളികളെ കാണാതായി; മരിച്ചവരില്‍ കോട്ടയം സ്വദേശിനിയും.സൗദി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട്: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും 14 ഭാരതീയര്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ഉദ്ധരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.മിനായില്‍ ഇന്നലെയുണ്ടായ ദുരന്തത്തില്‍ രണ്ട് കുടുംബങ്ങളിലെ ആറു പേര്‍ ഉള്‍പ്പെടെ പത്ത് മലയാളികളെ കാണാതായി. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായത്. കൊല്ലം, കോഴിക്കോട് ജില്ലയിലെ ഫറൂഖ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളെയാണ് കാണാതായതെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്. അപകടം നടന്ന മേഖലയില്‍ ടെന്റില്‍ കഴിഞ്ഞിരുന്നവരാണിവര്‍. ഫാറൂഖ് സ്വദേശികളായ മുനീര്‍, ഭാര്യ, ഇവരുടെ മകന്‍ എന്നിവരും കൊല്ലത്തു നിന്നുള്ള മൂന്നംഗ കുടുംബത്തെയുമാണ് കാണാതായത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതിനിടെ, കോട്ടയത്തുനിന്നുള്ള താജിക്കുസ്മാന്‍, ഭാര്യ ഷിനി എന്നിവരെ കാണാതായതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരുടെ മകനെ വോളണ്ടിയര്‍മാര്‍ കണ്ടെത്തിയിരുന്നു. മകനുമൊത്ത് ആശുപത്രിയില്‍ നടത്തിയ തെരച്ചിലില്‍ ഷിനിയുടെ മൃതദേഹം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഷിനി തിക്കിലും തിരക്കിലും പെട്ടാണോ കടുത്ത ചൂടുമൂലമാണോ മരിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മലയാളിയായ അയിഷുമ്മ മറിയാടന്‍ (കെ.എല്‍.ആര്‍-9384-2-0) മക്കയിലെ ഹീറ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ പറയുന്നു.
അതേസമയം, ദുരന്തത്തില്‍ 14 പേര്‍ മരിച്ചതായും 13 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ കണ്ടെത്തുന്നതിനുമായി കൂടുതല്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും സുഷമ അറിയിച്ചു.saudi_9

അതേസമയം ഹജ്ജ് കര്‍മങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സൗദി ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് സൗദി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായ നായിഫ് രാജകുമാരന്‍ അന്വേഷണം പ്രഖാപിച്ചത്.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സല്‍മാന്‍ രാജാവിന് കൈമാറും. റിപ്പോര്‍ട്ടിന്‍മേലുള്ള ബാക്കിയുള്ള നടപടികള്‍ സല്‍മാന്‍ രാജാവ് തീരുമാനിക്കും.
മലയാളികളുള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി. ഒൗദ്യോഗിക സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള 4000 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 220 ആംബുലന്‍സുകളും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ 717 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദുരന്തത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുശോചനമറിയിച്ചു. രാജ്യത്തിന്‍െറ തീര്‍ഥാടന പദ്ധതി പരിഷ്കരിക്കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും രാജാവ് വ്യക്തമാക്കി.
അപകടം നടന്ന തെരുവില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ തീര്‍ഥാടകര്‍ എത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൗദി ഇന്‍റീരിയര്‍ മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. പെട്ടെന്ന് ഇവിടെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മിനായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top