മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര: അഞ്ച് പ്രതികള്‍ക്കു വധശിക്ഷ

മുംബൈ:188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ. മുംബൈ മക്കോക്ക കോടതിയുടേതാണ് വിധി. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇഹ്തെഷാം സിദ്ദീഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.12 പ്രതികള്‍ കുറ്റക്കാരെന്നു പ്രത്യേക മക്കോക്ക കോടതി കണ്ടെത്തിയിരുന്നു. ഒരാളെ വെറുതെ വിട്ടു. ഇതില്‍ എട്ടുപേര്‍ക്ക് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 13 പ്രതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19നു വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.
mumbai-serial-train-blast-
പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും എട്ടു പ്രതികള്‍ മരണത്തിന്റെ വ്യാപാരികള്‍ ആണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വാദിച്ചു. ചെയ്ത കുറ്റത്തിന്റെ ഭീകരത കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ക്കെല്ലാം വധശിക്ഷ ആവശ്യപ്പെടേണ്ടതാണ്. എന്നാല്‍ താനതിന് മുതിരുന്നില്ലെന്നും നാലുപേര്‍ക്ക് ജീവപര്യന്തം വിധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനം ആസൂത്രണം ചെയ്തത് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ യുഗ് മോഹിത് ചൗധരി വാദിച്ചത്. അവര്‍ അത് നടപ്പാക്കുന്നതില്‍ പങ്കാളികളായവര്‍ മാത്രമാണ്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ നേതാവായ അസം ചീമയുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ വധശിക്ഷ വിധിക്കരുതെന്നും ചൗധരി വാദിച്ചു.

2006 ജൂലായ് 11ന് വൈകീട്ടാണ് മുംബൈ നഗരത്തെ നടുക്കിക്കൊണ്ട് ഏഴ് ലോക്കല്‍ തീവണ്ടികളില്‍ സ്‌ഫോടനപരമ്പര നടന്നത്. 11 മിനിറ്റിന്റെ ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 188 പേരാണ് മരിച്ചത്. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കേസില്‍ അറസ്റ്റിലായ 13 പ്രതികളില്‍ 12 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒരാളെ വിട്ടയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top