അബ്ദുള്ളക്കുട്ടി വീണ്ടും മണ്ടൻകുട്ടിയായി..! രമേഷ് പിഷാരടിയുടെ സർക്കാസം പോസ്റ്റിന് അബ്ദുള്ളക്കുട്ടിയുടെ സീരിയസ് കമന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ പലർക്കും കടുത്ത ട്രോൾ ആക്രമണമാണ് ഉണ്ടാകുന്നത്. സുരേഷ് ഗോപിമുതൽ ഏറ്റവും ഒടുവിൽ കൃഷ്ണകുമാർ വരെയുള്ളവരാണ് കടുത്ത ട്രോൾ ആക്രമണത്തിന് ഇരയാകുന്നത്. ഇതിനുള്ള വിഷയങ്ങൾ ഇവർ തന്നെ കൃത്യമായി ഉണ്ടാക്കിത്തരുന്നുമുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയക്ക് ട്രോളാനുള്ള വകുപ്പ് നൽകി മുൻ കോൺഗ്രസ് – സി.പി.എം നേതാവും ഇപ്പോൾ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.

തന്റെ ഓരോ പോസ്റ്റും വ്യത്യസ്തമായ കമന്റിലൂടെ സർക്കാസം നിറയ്ക്കുന്ന രമേശ് പിഷാരടിയാണ് അബ്ദുള്ളക്കുട്ടിയുടെ മണ്ടത്തരത്തിന് ഇപ്പോൾ ഇരയായിരിക്കുന്നത്. നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവച്ച് ചിത്രത്തിന് കീഴിൽ വിമർശന കമന്റുമായാണ് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താൻ കറുത്ത ഷോർട്‌സും വെസ്റ്റും ധരിച്ചുകൊണ്ട് പാറപ്പുറത്തിരിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ നടൻ പങ്കുവച്ചിരുന്നു. ‘മടിറ്റേഷൻ(On the Rocks) എന്നായിരുന്നു രമേശ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

ഇത് വൈറലായി മാറുകയും ചിത്രത്തിന് കീഴിൽ നിരവധി പേർ രസകരങ്ങളായ കമന്റുകളും പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തിലാണ് അബ്ദുള്ളക്കുട്ടിയും കമന്റുമായി എത്തിയത്. ‘hi, പിഷാരടി, നിങ്ങൾ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ്’- എന്നതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കമന്റ്.

ധ്യാനത്തെ ‘മടിറ്റേഷൻ’ എന്നു പറയുന്നത് വലിയ തെറ്റാണെന്ന് അബ്ദുള്ളക്കുട്ടി ഒരു ഓൺലൈൻ മാദ്ധ്യമത്തോടും പ്രതികരിച്ചിരുന്നു.

താൻ തന്നെയാണ് കമന്റ് കുറിച്ചതെന്ന് തുറന്നുപറഞ്ഞ അബ്ദുള്ളക്കുട്ടി ധ്യാനം നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും വേദങ്ങളിൽ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണെന്നും അഭിപ്രായപ്പെട്ടു. ബിജെപി നേതാവിന്റെ കമന്റിന് കീഴിലായി നിരവധി പേർ വിമർശനവുമായും എത്തിയിരുന്നു.

Top