വഴിയേ പോകുന്നവനെല്ലാം കയറി ചുവരില്‍ ചൊറിയുന്നതു പോലെയാണ് സിനിമാ നിരൂപണം: ബാലചന്ദ്രമേനോന്‍

തിരുവനന്തപുരം: വഴിയേ പോകുന്നവനെല്ലാം കയറി ചുവരില്‍ ചൊറിയുന്നതു പോലെയാണ് സിനിമാ നിരൂപണമെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഇന്നു ഫെയ്സ്ബുക്കിലും ഒാണ്‍ലൈന്‍ സൈറ്റുകളിലും സിനിമാ നിരൂപണമെഴുതുന്നതു നിയന്ത്രിച്ചില്ലെങ്കില്‍ സിനിമാ മേഖലയെ തന്നെ തകര്‍ക്കുന്ന തരത്തില്‍ ഇൗ പ്രവണത വളരുമെന്നും ബാലചന്ദ്രമേനോന്‍ അഭിപ്രായപ്പെട്ടു. ഞാന്‍ സംവിധാനം ചെയ്യും എന്ന തന്റെ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ ഫെയ്സ്ബുക്കില്‍ നിരൂപണമെഴുതിയിരിക്കുകയാണ്. മിക്ക നിരൂപണങ്ങളും വായിക്കുമ്പോള്‍ തന്നെ അറിയാം, ഇവരൊന്നും സിനിമ കണ്ടിട്ടേയില്ലെന്ന്. അറിവുള്ള ആള്‍ക്കാര്‍ ഇതൊക്കെ ചെയ്താല്‍ മനസിലാക്കാം. എന്നാല്‍, ഒരു സിനിമയ്ക്കു പിന്നിലെ അധ്വാനം കാണാതെ തെറ്റായ വിലയിരുത്തലുകള്‍ നടത്തുന്നവര്‍ നാളെ മലയാളികളെ തലകുനിപ്പിക്കുന്ന അവസ്ഥയില്‍ എത്തിക്കുമെന്നും ബാലചന്ദ്രമേനോന്‍ പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ ആരോപിച്ചു.

രണ്ടു താരങ്ങളെയും ഛായാഗ്രാഹകനെയും ഗായകനെയും ഇൗ സിനിമയില്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ കൂടി ഭാവിയാണ് ഇൗ എഴുത്തുകാര്‍ നശിപ്പിക്കുന്നതെന്ന് ഒാര്‍ക്കണം. ഒരു ചിത്രത്തെ വിലയിരുത്താന്‍ ജനത്തിന് ഒരാഴ്ചയെങ്കിലും കൊടുക്കണം. അതിനു മുന്‍പു പ്രേക്ഷകരെ തീയറ്ററില്‍ നിന്നു പിന്തിരിപ്പിക്കുന്ന തരത്തില്‍ എഴുതരുത്. സിനിമയ്ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ ഇവര്‍ ആരാണ്? സ്റ്റാര്‍ നോക്കിയിട്ടാണോ ജനം സിനിമ കാണേണ്ടത്? ആരോഗ്യകരമായ വിമര്‍ശനമല്ല മറിച്ച്, തരംതാണ ആക്ഷേപവും അധിക്ഷേപവുമാണ് എഴുത്തില്‍. ഇങ്ങനെ പോയാല്‍ ഇൗ സംസ്കാരത്തെയോര്‍ത്ത് മലയാളി തലകുനിക്കേണ്ടി വരും.

സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഒാണ്‍ലൈന്‍ പ്രമോഷന്‍ നടത്തിത്തരാം എന്നു പറഞ്ഞ് ഒരാള്‍ വന്നിരുന്നു. എന്തു കൊണ്ടോ അതു നടന്നില്ല. ഇപ്പോള്‍ സിനിമയ്ക്കു മേല്‍ തെറിയഭിഷേകം നടത്തുകയാണയാള്‍. തോന്നുത്തതൊക്കെ എഴുതി പ്രചരിപ്പിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന എഴുത്താണ് ഇപ്പോള്‍ നടക്കുന്നത്. കുറെക്കഴിയുമ്പോള്‍ ഇത്തരം എഴുത്തൊന്നും ജനം വിശ്വസിക്കാത്ത അവസ്ഥ വരും എന്നോര്‍ക്കണം. ഒാടുന്ന സിനിമയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല. ഏപ്രില്‍ 18നു ശേഷം ടിവിയില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചിത്രമായി ‘ഞാന്‍ സംവിധാനം ചെയ്യും’ മാറും. കെ.പി.ആര്‍. നായര്‍ എന്ന നിര്‍മാതാവ് ഏഴു വര്‍ഷം എനിക്കായി കാത്തിരുന്നു കൈമാറിയ സിനിമയാണിത്. സിനിമ കണ്ട് ആദ്യം അഭിനന്ദിച്ചതും ആ നിര്‍മാതാവാണ്. 101 ശതമാനം ശതമാനം ഇൗ സിനിമ എനിക്കു തൃപ്തി തന്നു. തന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയതും ഇൗ സിനിമയ്ക്കാണ്. നിരൂപണം എഴുതിയവര്‍ ഇൗ സിനിമ കണ്ടാല്‍ അവര്‍ എഴുതിയ കടലാസില്‍ അവര്‍ തന്നെ കാര്‍ക്കിച്ചു തുപ്പും. എഴുതുന്നതിനെല്ലാം അതേഭാഷയില്‍ മറുപടി പറഞ്ഞാല്‍ എന്നിലെ സരസ്വതി കടാക്ഷം പോകും.

കുടുംബ ചിത്രങ്ങള്‍ അടുത്തയാഴ്ച കാണാമെന്നു കരുതി ആരും മാറ്റി വയ്ക്കരുത്. തീയറ്ററിലെ അകാല ചരമം കുടുംബചിത്രങ്ങളുടെ തലയിലെഴുത്തായി മാറിയിരിക്കുകയാണിന്ന്. സമയവും സൗകര്യവും നോക്കി കുടുംബങ്ങള്‍ തീയറ്റിലെത്തുന്നതിനാല്‍ ആദ്യ നാളുകളില്‍ ആളു കുറവായിരിക്കും. അളില്ലെങ്കില്‍ തീയറ്ററുകാരന്‍ സിനിമ മാറ്റും. എന്നാല്‍ പ്രേമം പോലുള്ള യുവാക്കളുടെ സിനിമകള്‍ക്ക് അപ്പോഴും യുവപ്രേക്ഷകര്‍ തീയറ്ററിനു മുന്നില്‍ റെഡിയായി നില്‍ക്കുകയാണ്. ഇപ്പോള്‍ പ്രേമം കണ്ട് കറുത്ത ഷര്‍ട്ടും മുണ്ടും ധരിക്കുന്നതു പോലെ പണ്ട് തന്റെ ചിത്രങ്ങള്‍ കണ്ട് തലയില്‍ തൂവാല കെട്ടി യുവാക്കള്‍ നടന്നിരുന്നു. സിനിമ യുവാക്കളില്‍ വലിയ സ്വാധീനം ചെലുത്തുന്നതിന്റെ സൂചനയാണിത്. ‘നിങ്ങള്‍ ക്യൂവിലാണ്’ എന്നു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇപ്പോഴും ആരുടെയും പിറകെ നടക്കാതെ സ്വന്തമായി സിനിമ ചെയ്യുന്നതെന്നും താന്‍ ഇനിയും സംവിധാനം ചെയ്യുമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

സിനിമയെക്കുറിച്ച് ബോധ്യമില്ലാത്തവര്‍ നിരൂപണം എഴുതുന്നത് നിര്‍ത്തണമെന്നും തമിഴ്നാട്ടില്‍ ഒകെ കണ്‍മണി എന്ന ചിത്രത്തിനെതിരെയും ഇത്തരം നീക്കങ്ങള്‍ നടന്നെന്നും നടി മേനക പറഞ്ഞു. സുഹാസിനി ഇതിനെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ അവര്‍ക്കെതിരെയായി ദുഷ്പ്രചാരണം. തനിക്ക് വ്യത്യസ്തമായ വേഷം ലഭിച്ചതു കൊണ്ടാണ് ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമയില്‍ അഭിനയിച്ചതെന്നും ഇത്തരം വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും മേനക പറഞ്ഞു.

Top