ഹോട്ടലിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു !നടന്‍ സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവനടി.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

തിരുവനന്തപുരം: നടൻ സിദ്ദിഖ് ബലാൽസംഗം ചെയ്തെന്ന് യുവ നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

സിനിമയിൽ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു.ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ധിക്കിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദ്ദിഖിനെതിരെ കേസ് നല്‍കുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്നും യുവനടി നേരത്തെ പറഞ്ഞിരുന്നു. സിദ്ദിഖിനെതിരെ തെളിവുകള്‍ കയ്യിലുണ്ടെന്നാണ് നടി പറയുന്നത്. ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി നടന്‍ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്റെ പരാതി.

വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴത്തെ അമ്മ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാന്‍ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ ഇതേ കുറിച്ച് അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ പ്രതികരണവുമായി താരം എത്തിയത്.

വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി.

തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കള്‍ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കണമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിദ്ദിഖും കെപിഎസി ലളിതയും ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അതിജീവിത ആരോപണവുമായെത്തിയത്. തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് അതിജീവിത പറയുന്നു. സിദ്ദിഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നുവെന്നും പോസ്റ്റില്‍ അതിജീവിത പറഞ്ഞിരുന്നു.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും യുവനടി കൂട്ടിച്ചേര്‍ത്തു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവും പുറത്തുപറഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും സിനിമ മേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നെന്നും യുവനടി പറഞ്ഞു. സിദ്ധിഖില്‍ നിന്നുണ്ടായ ദുരനുഭവത്തിന്റെ മാനസികാഘാതം ഇനിയും മാറിയിട്ടില്ലെന്നും യുവനടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടിയായ മിനു മുനീറും രംഗത്തെത്തിയിരുന്നു. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് നടിയുടെ ആരോപണം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്

Top