സിദ്ധാര്‍ഥ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു.

കൊച്ചി : വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ സുഖം പ്രാപിക്കുന്നു. സിദ്ധാര്‍ഥ് ആശുപത്രിവിട്ടു.
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥ് ഭരതന്‍ സുഖം പ്രാപിച്ചു വരുന്നു. സെപ്റ്റംബര്‍ 12ന് കൊച്ചി ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടാകുന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിന് ശേഷം നില അല്‍പ്പം മെച്ചപ്പെടുകയും വെന്‍റിലേറ്ററില്‍ നിന്നും മാറ്റുകയും ചെയ്തതോടെ സിദ്ധാര്‍ഥ് അപകടനില തരണം ചെയ്തിരുന്നു.

കാലിന്‍റെ തുടയെല്ലില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഫിസിയോതെറാപ്പിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിദ്ധാര്‍ഥിനെ നടത്തിക്കാനും ശ്രമിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തുള്ള ദിവസങ്ങളില്‍ തന്നെ നടത്തിച്ചില്ലെങ്കില്‍ ശരീരത്തിന് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കുമെന്നും അതുകൊണ്ടാണ് വേദനയുണ്ടെങ്കിലും പെട്ടന്നുതന്നെ സിദ്ധാര്‍ഥിനെ പിടിച്ചു നടത്തിക്കാന്‍ തുടങ്ങിയതെന്ന് ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. തുടയെല്ലിന് നടത്തിയ ശസ്ത്രക്രിയയോടൊപ്പം കൈയിലെ പരുക്കിനും ശസ്ത്രക്രിയ നടത്തിയിരുന്നു.പഴയതുപോലെ തന്നെ എല്ലാക്കാര്യങ്ങളും വ്യക്തമായി സിദ്ധാര്‍ഥിന് ഓര്‍മയുണ്ട്. സിദ്ധാര്‍ഥിന്‍റെ അമ്മയും നടിയുമായ കെ.പി.എസ്.സി ലളിത സിദ്ധാര്‍ഥിനൊപ്പം ആശുപത്രിയിലുണ്ട്.

Top