ദില്ലി: ബിജെപിയോടുള്ള നീരസം പ്രശസ്ത നടന്‍ സുരേഷ് ഗോപി അവസാനിപ്പിച്ചു. ബിജെപിക്കു വേണ്ടി പ്രചരണത്തിനിറങ്ങാനാണ് താരത്തിന്റെ തീരുമാനം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയതിനുശേഷമാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വാഗ്ദാനം ചെയ്ത ദേശീയ ചലച്ചിത്ര വികസന ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതായപ്പോഴാണ് സുരേഷ് ഗോപി ബിജെപിയുമായി തെറ്റിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞ താരം പിന്നീട് താന്‍ ബിജെപിക്കുവേണ്ടി മത്സരിക്കുന്നില്ലെന്നു വരെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബിജെപി സുരേഷ് ഗോപിയെ വരുതിയിലാക്കാന്‍ ശ്രമം തുടങ്ങിയത്. എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനം വീണ്ടും നല്‍കിയാണ് സുരേഷ് ഗോപിയെ അമിത് ഷാ വരുതിയിലാക്കിയതെന്നാണ് സൂചന.
ഇപ്പോള്‍ ബിജെപിയുടെ മുഖ്യപ്രചാരകനാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലികളില്‍ സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായി രംഗത്തുള്ള മുപ്പതോളം മണ്ഡലങ്ങളില്‍ സുരേഷ് ഗോപി പ്രചാരണം നടത്തും.
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങും. അഞ്ചു ദിവസമാണ് ഇതിനായി സുരേഷ് ഗോപി ബിജെപിക്കു നല്‍കുന്നത്. സംസ്ഥാന വ്യാപകമായുള്ള പഞ്ചദിനപ്രചാരണത്തിനു സുരേഷ് ഗോപിക്കു ബിജെപി ഹെലികോപ്റ്റര്‍ നല്‍കും. ഇന്നു കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സുരേഷ് ഗോപി പ്രചാരണം നടത്തും. ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള പ്രചാരണദിനങ്ങള്‍ പിന്നീടു തീരുമാനിക്കും.
സിനിമയ്ക്ക് ഡേറ്റ് നല്‍കുന്നതുപോലെ ഓരോ മണ്ഡലത്തിലും ഇത്ര മണിക്കൂറെന്ന നിലയ്ക്കാണ് സുരേഷ് ഗോപി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതിനായി ബിജെപി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
കനത്ത ചൂടില്‍ ജില്ലകള്‍ തോറും സഞ്ചിരിക്കുന്നതിന് ശാരീരിക ബുദ്ധിമുട്ടായിരിക്കുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ബിജെപി നേതൃത്വം സുരേഷ് ഗോപിക്ക് ഹെലികോപ്ടര്‍ അനുവദിച്ചത്. നരേന്ദ്ര മോഡിയും അമിത് ഷായും പങ്കെടുക്കുന്ന പ്രചാരണ വേദികളിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടാവും. തിരുവനന്തപുരത്ത് ശ്രീശാന്തിന് വേണ്ടി അരദിവസം സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങും.