അഭിമുഖങ്ങളില്‍ തുടര്‍ച്ചയായി മരണത്തെക്കുറിച്ച് സംസാരിക്കുന്നു, എന്തിനു വേണ്ടിയാണ്?; വിജയ് സേതുപതിയുടെ മറുപടി കേട്ട് സദസ്സില്‍ പൊട്ടിച്ചിരി 

സ്വാഭാവികമായ അഭിനയം കാഴ്ച്ചവെച്ച് തമിഴ് ജനതയുടെ മനസ്സ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നതും അതുകൊണ്ടാണ്. ആഡംബര ജീവിതത്തില്‍ നിന്നും അകല്‍ച്ച പാലിച്ചാണ് താരത്തിന്റെ ജീവിതം. പൊതുവേദികളില്‍ മുഖം ചുളിക്കാതെയുള്ള പെരുമാറ്റവും മനസ്സ് തുറന്നുള്ള സംസാരവും ആരെയും കവരുന്നതാണ്. കഴിഞ്ഞ ദിവസം ഒരു പ്രസ്മീറ്റില്‍ സദസ്സിലിരുന്നവരുടെ ചോദ്യങ്ങള്‍ വളരെ ലളിതവും മനോഹരവുമായാണ് വിജയ് സേതുപതി സംസാരിച്ചത്. തുടര്‍ച്ചയായി അഭിമുഖങ്ങളില്‍ മരണത്തെക്കുറിച്ച് താരം സംസാരിക്കാറുണ്ട്. എന്തിനു വേണ്ടിയാണ് എല്ലായ്‌പ്പോഴും മരണത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത് എന്ന് ഒരാള്‍ വിജയ് യോട് ചോദിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: മരണത്തെക്കുറിച്ച് പലരും മറന്നുപോകുന്നു. അതുകൊണ്ട് തന്നെ ഓരോര്‍ത്തര്‍ അവരുടെ ഇഷ്ടത്തിന് കളിക്കുകയാണ്. ഈ ഭൂമിയില്‍ വെച്ച് നിന്നെ ആണിയടിച്ചാലും നീയൊക്കെ ചാവും. ഇക്കാര്യം വയസായ ആളുകളാണ് മറക്കുന്നത്. ആദ്യം പോകുന്നത് അവരാണ്. ഇനി അതുകൊണ്ടാണോ അവര്‍ ജനങ്ങള്‍ക്ക് ഇനിയെന്ത് നല്ലതു ചെയ്യാന്‍ എന്നു കരുതി ദ്രോഹം ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. മരണത്തെ മനസ്സിലാക്കിയാല്‍ തന്നെ നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ തോന്നും. സാധാരണ ജനങ്ങള്‍ നല്ല രീതിയിലാണ് ജീവിക്കുന്നത്. അവര്‍ പരസ്പരം സ്‌നേഹം കൈമാറുന്നുണ്ട്. കാവേരി ജലം സംബന്ധിച്ച് കര്‍ണാടകയുമായി നമുക്ക് ശത്രുതയാണ്. പക്ഷേ ആ സംസ്ഥാനത്ത് പോയി നിങ്ങള്‍ക്ക് ഒരപകടം സംഭവിച്ചാല്‍ അവിടെത്തെ സാധാരണ ജനങ്ങള്‍ തന്നെയാണ് സഹായത്തിനെത്തുന്നത്. മുകളിലിരിക്കുന്ന ചില അധികാരികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവന്‍ ജനങ്ങളും ഉത്തരവാദികളാകുന്നു.

Top