തിരുവനന്തപുരം: നാടകനടിയും സിനിമാ താരവുമായിരുന്ന കെ ജി ദേവകി അമ്മ വിടപറഞ്ഞു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന്‍ നായരുടെ ഭാര്യയുമായിരുന്നു.
റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ഇവര്‍ തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ക്കു അവിടെ ആര്‍ട്ടിസ്റ്റായിരുന്നു. വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍ ലളിതഗാനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചിരുന്ന ഇവരുടെ ശബ്ദം റേഡിയോ പ്രേക്ഷകര്‍ക്കേറെ സുപരിചിതമായിരുന്നു.
ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താലി ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.
മക്കള്‍ ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവന്‍കുമാര്‍, ഡി കെ ദുര്‍ഗ. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയില്‍.


