കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; തര്‍ക്ക സീറ്റുകളില്‍ ദേശീയ നേതൃത്വത്തിന്റെ ഫോര്‍മുല

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. തരര്‍ക്കമുള്ള സീറ്റുകളില്‍ ദേശിയ നേതൃത്വത്തിന്റെ ഫോര്‍മുല അനുസരിച്ചയാരിക്കും പ്രശ്‌ന പരിഹാരം കാണുക. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനു ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നത്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തങ്ങളുടെ നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയിലും ഫലം കണ്ടില്ല. ഡല്‍ഹിയില്‍ ഇന്നലെ നടന്ന മാരത്തോണ്‍ ചര്‍ച്ചകളൊന്നും ഫലം കാണാതായതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായിരുന്നു. തര്‍ക്കം 12 സീറ്റുകളിലാണ്. അതില്‍ തന്നെ നാലു സീറ്റുകളിലായിരുന്നു രൂക്ഷമായ തര്‍ക്കം. അതിനൊപ്പം കൊച്ചി കൂടി ഇന്നലെ കയറിപ്പറ്റിയെന്നതാണ് പ്രത്യേകത. അതായത് രൂക്ഷമായ തര്‍ക്കം വീണ്ടും അഞ്ചു സീറ്റുകളിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ഒന്നിച്ചിരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ഇതിലും ഫലം കാണാനായില്ല. എന്നാല്‍ ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും നാളെ അന്തിമ പട്ടിക പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് വി.എം. സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ചില സീറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ച വേണ്ടിവരും. ഘടകകക്ഷികളുമായിട്ടുള്ള ചര്‍ച്ചയും ഇനിയും അവസാനിച്ചിട്ടില്ല. അവരുമായി ചര്‍ച്ച നടത്തിയശേഷം സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്ന് രാവിലെ വീണ്ടും ചേരും. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി കൂടി അന്തിമ പട്ടികയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. എന്നാല്‍, എത്ര സീറ്റുകളില്‍ ധാരണയായെന്ന് വ്യക്തമാക്കാന്‍ സുധീരന്‍ തയ്യാറായില്ല. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിന് ശേഷം വി.എം. സുധീരനും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും മുറിക്ക് പുറത്ത് 15 മിനിറ്റോളം ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നും നാളെ തന്നെ അന്തിമ തീരുമാനമുണ്ടാകമെന്നുമുള്ള വ്യക്തമായ ഉറപ്പോടെയാണ് സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തൃക്കാക്കര (ബെന്നി ബെഹന്നാന്‍), കോന്നി (അടൂര്‍ പ്രകാശ്), തൃപ്പൂണിത്തുറ (കെ. ബാബു), ഇരിക്കൂര്‍ (കെ.സി. ജോസഫ്), കൊച്ചി (ഡൊമിനിക് പ്രസന്‍േറഷന്‍)എന്നിവിടങ്ങളിലാണ് തര്‍ക്കം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരാണ് ഈ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. എന്നാല്‍ അഴിമതി ആരോപണവിധേയരായ ബാബുവിനെയും ബെന്നിബഹന്നാനെയും ഇരിക്കൂറില്‍ കെ.സി. ജോസഫിനെയും മത്സരിപ്പിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സുധീരന്‍. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താനും മത്സരിക്കാനില്ലെന്ന കടുത്ത നിലപാട് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെയും അറിയിച്ചിരുന്നു.

Top