മുറവിളി കൂട്ടും ! ഗാന്ധി കുടുംബം വീണ്ടും വരും !തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥി  ആയേക്കുമെന്ന് സൂചനകൾ ശക്തം. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിച്ചേക്കില്ലെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ വിദേശത്താണ് രാഹുൽ. മടങ്ങിയെത്തുന്നതോടെ വീണ്ടും അദ്ദേഹത്തോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയേക്കും.

2019 ൽ ലോക്സഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടായിരുന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന ആവശ്യം രാഹുലിന് മുന്നിൽ നേതാക്കൾ വെച്ചിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളി. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോഴും മത്സരിക്കാൻ ഇല്ലെന്ന നിലപാട് രാഹുൽ ആവർത്തിച്ചു. ഇതോടെ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥികളായി മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉണ്ടായിരുന്നു. മറുവശത്ത് ജി-23 യിൽ നിന്നുളള നേതാക്കളും തങ്ങളുടെ പ്രതിനിധികൾ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബാംഗങ്ങൾ തന്നെ വേണമെന്ന നിലപാട് ആവർത്തിക്കുകയാണ് നേതാക്കളിൽ പലരും.രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ചു കൊണ്ടുപോവാന്‍ ഗാന്ധി കുടുംബത്തിനെ കഴിയൂവെന്നാണ് നേതാക്കൾ പറയുന്നത്. മുതിർന്ന നേതാക്കൾ ഇക്കാര്യം രാഹുൽ ഗാന്ധിയോട് അറിയിച്ച് കഴിഞ്ഞെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘പാർട്ടിയെ നയിക്കാൻ രാഹുൽ തന്നെ വേണമെന്നതാണ് എല്ലാവരുടേയും ആവശ്യം.

അതുകൊണ്ട് തന്നെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം സമ്മതം മൂളിയേക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. എന്നാൽ വിലക്കയറ്റതിനെതിരെ കോൺഗ്രസ് നടത്താനിരിക്കുന്ന ദില്ലയിലെ പ്രതിഷേധ റാലിയും ഭാരത് ജോഡോ യാത്രയും എത്രത്തോളം സ്വീകരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ തീരുമാനം’, രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായെത്തിയാൽ ജി-23 യിൽ നിന്നും ആരെങ്കിലും മത്സരിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ ജി-23 യിൽ നിന്നും ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിനെതിരെയൊരു മത്സരത്തിന് തയ്യാറില്ലെന്ന നിലപാടിലാണ് ശശി തരൂർ. അത്തരമൊരു മത്സരത്തിന് തയ്യാറെടുത്താൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകൾ തരൂരിനെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. അതേസമയം രാഹുൽ ഗാന്ധി മത്സിച്ചാലും സ്ഥാനാർത്ഥിയായി നിൽക്കുമെന്നാണ് മനീഷ് തിവാരി വ്യക്തമാക്കിയത്.

അതിനിടെ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ശശി തരൂർ ഇക്കാര്യം ഉന്നയിച്ച് സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് പ്രകിയ സുതാര്യമാകണമെങ്കിൽ വോട്ടർ പട്ടിക പരസ്യമാക്കണമെന്നാണ് നേതാക്കൾ പറയുന്നത്. സംഘടനയിലെ ഓരോ ബ്ലോക്കിൽ നിന്നുള്ള പിസിസി അംഗങ്ങൾക്കാണ് വോട്ടിംഗ് അവകാശം. അഞ്ച് വർഷം മുൻപ് ഇലക്ടറൽ കോളേജിൽ 9,531 പിസിസി പ്രതിനിധികളാണ് ഉണ്ടായത്. ഇത്തവണ വോട്ടർമാരുടെ എണ്ണം സിഇഎ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ് നടക്കുക.

Top