കോണ്‍ഗ്രസ് വിട്ട് ബിജെപിയിെലത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറിയാകും. കേരളത്തില്‍ നിന്നുള്ള എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ സംഘടനാ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്ത് തുടരും.
മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും. കേരളത്തിൻറെ സഹ പ്രഭാരി രാധാ മോഹൻ അഗർവാളിന് ജന സെക്രട്ടറി സ്ഥാനം. അലിഗഢ് മുസ്‌ലിം സർവകലാശാല മുന് വൈസ് ചാൻസലർ താരിക് മൻസൂറാണ് ദേശീയ ഉപാദ്ധ്യക്ഷൻ. നേരത്തെ തെലങ്കാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബണ്ടി സഞ്ജയ്യെ ജന സെക്രട്ടറി ആക്കി.
ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ആറിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചു.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.അടുത്തിടെ കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്‍റണിയും വേദിപങ്കിട്ടിരുന്നു.