എകെ ആൻ്റണിക്ക് നേരെ വിരല്‍ ചൂണ്ടി നേതാക്കള്‍!! ആദര്‍ശം ചോദ്യം ചെയ്യപ്പെടുന്നു; കരുണാകരന് പഠിക്കുന്നോ? മകനെ KPCC തലപ്പത്ത് എത്തിക്കാന്‍ ആന്റണി വഴിവിട്ട് കളിക്കുന്നു; കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ച്ച തുടരും

എസ് വി പ്രദീപ്

എകെ ആന്റണി കെ കരുണാകരന് പഠിക്കുന്നോ? മകന്‍ അനില്‍ കെ ആന്റണിയെ KPCC തലപ്പത്ത് എത്തിക്കാന്‍ എ കെ ആന്റണി വഴിവിട്ട് കളിക്കുന്നു. വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ വിജയസാധ്യത ഏറെയുള്ള സീറ്റില്‍ മകനെ മത്സരിപ്പിക്കാനും ചരടുവലി നടക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഉറപ്പിക്കാന്‍ ആന്റണി അനുചരന്മാര്‍ തകൃതിയായി ശ്രമിക്കുന്നു.ഹെറാള്‍ഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റര്‍ എസ് വി പ്രദീപ് നടത്തിയ രാഷ്ട്രീയ അന്വേഷണ അവലോകനം.

‘ എ കെ ആന്റണി ആദര്‍ശം അടിയറവ് വച്ചോ? കെ കരുണാകരന്റെ മക്കള്‍ വാദത്തിന് എതിരെ ഗ്രൂപ്പുണ്ടാക്കുകയും പട നയിക്കുകയും ചെയ്ത എ കെ ആന്റണി ആണോ മകനെ KPCC യില്‍ പിന്‍വാതിലിലൂടെ തിരുകികയറ്റാന്‍ അണിയറ നാടകം കളിക്കുന്നത്? കെ മുരളീധരനെയും പത്മജ വേണുഗോപാലിനെയും കെ കരുണാകരന്‍ ഉയര്‍ത്തികൊണ്ട് വന്നപ്പോള്‍ ശിഖണ്ഡികളെ മുന്‍നിറുത്തി ഒളിയുദ്ധം നടത്തി പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാക്കിയ എ കെ ആന്റണി ഇന്ന് അതേ തെറ്റ് ആവര്‍ത്തിക്കുന്നതെന്തിന് ‘? ചോദ്യം കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേതാണ്.

anil k antony

ഏകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി KPCC ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിക്കപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ഹെറാള്‍ഡ് ന്യൂസ് ടിവി മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരം പ്രതികരണം ഉണ്ടേയത്.അനില്‍ കെ ആന്റണിയുടെ നിയമനം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ ഏറെ അസ്വസ്തത ഉണ്ടാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയ തലപ്പത്താണ് നിയമനമെങ്കിലും ഫലത്തില്‍ കെ പി സി സി യുടെ തലപ്പത്ത് എത്തിക്കാനുള്ള വളഞ്ഞ വഴിയാണെന്നാണ് ആക്ഷേപം.

കെ മുരളീധരനെ കെ കരുണാകരന്‍ ഇടപെട്ട് സേവാദളിന്റെ തലപ്പത്ത് നിയമിച്ചപ്പോള്‍ കെ പി സി സി യില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള ചുവടുവയ്‌പ്പെന്ന് ആരോപിച്ച് കൊട്ടാര വിപ്‌ളവത്തിന് നേതൃത്വം നല്‍കിയ ആളാണ് എ കെ ആന്റണി. അതേ ചരിത്രം ഇന്ന് കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കുന്നു എന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കുന്നു.

ബൂത്ത് തലം മുതല്‍ രാവും പകലും പ്രവര്‍ത്തിച്ച് അര്‍ഹിക്കുന്നതൊന്നും ലഭിക്കാത്ത പതിനായിരങ്ങള്‍ കോണ്‍ഗ്രസില്‍ കാത്തുകെട്ടികിടക്കുമ്പോഴാണ് ദല്‍ഹിയില്‍ നിന്നും എകെ ആന്റണി മകന്‍ അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ എന്ന കടലാസ് സംഘടനയുടെ പേരില്‍ കെട്ടിയിറക്കി കെപിസിസിയില്‍ പിന്‍വാതിലിലൂടെ നിയമിക്കാന്‍ ശ്രമിക്കുന്നതെന്ന് അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. സേവാദള്‍ എന്ന കടലാസ് സംഘടനയുടെ പേരില്‍ കെ കരുണാകരന്‍ കെ മുരളീധരന് വേണ്ടി വൃത്തികെട്ട നാടകം കളിച്ചപ്പോള്‍ അരയും തലയും മുറുക്കി യുദ്ധത്തിനിറങ്ങിയ എ കെ ആന്റണിയുടെ ആദര്‍ശം ഇന്ന് എവിടെ എന്നും ഈ നേതാക്കള്‍ ഹെറാള്‍ഡ് ന്യൂസ് ടിവിയോട് ചോദിച്ചു.

വരുന്ന ലോകസഭതെരഞ്ഞെടുപ്പില്‍ വയനാട്, കോഴിക്കോട്, പത്തനംതിട്ട സീറ്റുകളില്‍ ഒന്ന് അനില്‍ കെ ആന്റണിക്കായി തരപ്പെടുത്താന്‍ ദല്‍ഹിയില്‍ തകൃതിയായ ചരടുവലി നടക്കുന്നുണ്ട്. ഇത് സീറ്റ് മോഹികളായ പല നേതാക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയ സെല്‍ തലവന്‍ ശശിതരൂര്‍ ആണെങ്കിലും ഫലത്തില്‍ കണ്‍വീനര്‍ ആയ അനില്‍ കെ ആന്റണി തന്നെയാവും സെല്‍ നിയന്ത്രിക്കുക. പോഷകസംഘടന തലവന്‍ എന്ന പരിഗണന കെപിസിസിയിലും ഹൈക്കമാന്റിലും അനില്‍ കെ ആന്റണിക്ക് ലഭിക്കും. അതുവഴി സീറ്റ് തരപ്പെടുത്താനും സാധിക്കും.

1989 ല്‍ കെ മുരളീധരന്‍ സേവാദള്‍ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് കെ കരുണാകരന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കെ മുരളീധരന് കോഴിക്കോട് ലോകസഭമണ്ഡലം തരപ്പെടുത്തിക്കൊടുത്തത്. അന്ന് സേവാദള്‍ കടലാസുസംഘടനയെന്നും മക്കള്‍വാഴ്ച അംഗീകരിക്കാനാകില്ലെന്നും നിലപാടെടുത്തവരായിരുന്നു എകെ ആന്റണി അനുയായികള്‍. 2019 ല്‍, മുപ്പത് വര്‍ഷം തികയുന്ന വേളയില്‍ തന്നെ, 1989 ല്‍ എന്തിനെയാണോ എ കെ ആന്റണി ആദര്‍ശത്തിന്റെ പേരില്‍ എതിര്‍ത്തത് അതെ വഴി ആന്റണി നടക്കുന്നത് വിരോധാഭാസമെന്നാണ് നേതാക്കള്‍ ചൂണ്ടികാണിക്കുന്നത്.

അനില്‍ കെ ആന്റണിയുടെ നിയമനം പ്രത്യക്ഷത്തില്‍ എതിര്‍പ്പുയര്‍ത്തുന്നില്ലെങ്കിലും അടിയൊഴുക്കുകള്‍ പകല്‍പോലെ ശക്തമാണെന്ന സൂചനകളാണ് ഹെറാള്‍ഡ് ന്യൂസ് ടിവിക്ക് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. മകനായ അനില്‍ കെ ആന്റണിക്ക് സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാന്‍ എ കെ ആന്റണി നേരിട്ട് സംസാരിക്കുന്നതും വളരെ വിചത്രമായിട്ടാണ് പല കോണ്‍ഗ്രസ് നേതാക്കളും വീക്ഷിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രത്യേകിച്ച് സോണിയ ഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ കേരള രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്ന അനില്‍ കെ ആന്റണിക്ക് പ്രത്യക്ഷത്തില്‍ എതിരാളികള്‍ ഉണ്ടാകില്ല. മറിച്ച് അനില്‍ കെ ആന്റണിക്ക് ചുറ്റും സോഷ്യല്‍ മീഡിയ രംഗത്തെ പ്രവര്‍ത്തകരും നേതാക്കളും ഒന്നിക്കുമെന്നും അത് അനില്‍ കെ ആന്റണിക്ക് വലിയ കരുത്താകുമെന്നും അദ്ദേഹത്തിന്റെ ഹ്യൂമന്‍ സ്‌കില്‍ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം എതിര്‍പ്പുകളെ ഇല്ലാതാക്കി എതിരാളികളെക്കൂടി അനുയായികളാക്കുമെന്നും ഏകെ ആന്റണിയോട് അടുത്ത വൃത്തങ്ങള്‍ ഹെറാള്‍ഡ് ന്യൂസ് ടിവിയോട് അഭിപ്രായപ്പെട്ടു.

Top