അൽക്കട്രാസ് ജയിൽ ചാട്ടം ;ലോകം ഇന്നും ആശ്ചര്യപ്പെടുന്നു. ഞെട്ടിക്കുന്ന ജയിൽ ചാട്ടം നടത്തിയവരെ അറിയുമോ

ലോകാത്തെ ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട ഒരു ജയിലിൽ നിന്ന് തികച്ചും അവിശ്വസനീയവും അതിസാഹസികവുമയി രക്ഷപ്പെട്ട മൂന്ന് ജലിൽപുള്ളികളുടെ
കഥയാണിത് !

1934 മുതൽ 1964 വരെ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിന്ന് 1.25 മൈൽ അകലെ അൽക്കട്രാസ് ദ്വീപിൽ 12 ഏക്കർ ഭൂമിയിൽ ആയിരുന്നു ജയിൽ നിലനിന്നിരുന്നത് ..ദ്വീപിന്റെ പേരിൽ തന്നെ ജയിലും അൽക്കട്രാസ് ജയിൽ (Alcatraz Prison) എന്ന് അറിയപ്പെട്ടു ..ടൈറ്റാനിക്ക് കപ്പൽ നിർമ്മാതാക്കൾക്കു പോലുള്ള ഒരു അവകാശവാദം ഈ ജയിലിനെ കുറിച്ച് അധികൃതർക്കുമുണ്ടായിരുന്നു …അതായത് അവിടെനിന്നും ഒരാൾക്കും രക്ഷപ്പെടുക സാധ്യമല്ല എന്നത് തന്നെ…കേവലം അവകാശവാദം പറയുക മാത്രമല്ല അത്രമേൽ കഠിനമായിരുന്നു അവിടെയുണ്ടായിരുന്ന സജ്ജീകരങ്ങളത്രയും .
.ഒന്നാമതായി ഒരു ദ്വീപിലായതിനാൽ തന്നെ ജയിലിനു ചുറ്റും കടലായിരുന്നു .അതിലെ ജലം അതികഠിനമായ തണുപ്പായിരുന്നു ,അക്കാലത്ത് കുളിക്കാൻ ചൂടുവെള്ളം നൽകിയിരുന്ന ഏകജയിലായിരുന്നു അൽക്കട്രാസ് അതിനുള്ള കാരണം പറയപ്പെടുന്നത് ദിനേനെ ചൂടുവെള്ളത്തിൽ കുളിച്ച് ശീലിച്ച പ്രതികളിലാരെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കടലിലുള്ള ജലത്തിലെ അമിതമായ തണുപ്പ് ശരീരത്തിന് താങ്ങാനുള്ള ശേഷി കുറയുകയും തന്മൂലം കടലിൽ മുങ്ങി മരിക്കുകയും ചെയ്യും അവർ . ജയിലാകട്ടെ ഉയരംകൂടിയ കമ്പിവേലികളും ശക്തമായ കോണ്ക്രീറ്റ് മതിലുകലാലും ചുറ്റപ്പെട്ടിരിരുന്നു ..ജയിലിന്റെ ഓരോ മൂലയിലും ഉന്നം പിഴക്കാത്ത നിരവധി ഉദ്യോഗസ്ഥർ സാദാസമയവും തോക്കുമായി നില്ക്കുന്നുണ്ടായിരുന്നു ..രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഉടൻ വെടിവെച്ച് കൊല്ലാനുള്ള പൂർണ്ണ അധികാരം അവർക്കുനല്കപ്പെട്ടിരുന്നു.
ജയിലിനകത്തുള്ള സുരക്ഷയും ശക്തമായിരുന്നു . മൂന്ന് ബ്ലോക്കുകളുള്ള വലിയ ജയിലിൽ ഏത് സമയത്തും ഒമ്പതോളം ഉദ്യോഗസ്ഥർ വരാന്തയിൽ റോന്ത് ചുറ്റുന്നുണ്ടാകും , പുറമേ ഇടയ്ക്കിടെയുള്ള അപ്രതീക്ഷിതമായ പരിശോധനയും . 600 പേരെ ഉൾക്കൊള്ളാൻ സാധിച്ചിരുന്ന ജയിലറകളിൽ മൊത്തം 250 പേരെ ഉണ്ടായിരുന്നൊള്ളൂ…ഈ പ്രതിബന്ധങ്ങളെല്ലാം മുറിച്ച് കടന്നു ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് പ്രത്യക്ഷത്തിൽ ആത്മഹത്യക്ക് തുല്യമായിരുന്നു .എങ്കിലും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടക്കാതിരുന്നിട്ടില്ല .ജയിൽ ചരിത്രത്തിൽ മൊത്തം മുപ്പതിലേറെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഉണ്ടായതിൽ ഒന്നൊഴികെ എല്ലാം പിടിക്കപ്പെട്ടു. ശ്രമം നടത്തിയ പലരെയും ശ്രമത്തിനിടയിൽ തന്നെ വെടിവെച്ച് കൊന്നു .മറ്റു ചിലർ വെള്ളത്തിൽ മുങ്ങിമരിച്ചു.

എന്നാൽ 1962 ജൂണ് 11 ലെ ഒരു അതിസാഹസിക ശ്രമം ഇന്നും ചുരുളഴിയാതെ നിലനിൽക്കുന്നു .

മാനസിക പ്രശ്നങ്ങലുള്ള വൻ സീരിയൽ കൊലപാതകികൾ ! മറ്റു ജയിലിൽ നിന്നും തടവ് ചാടാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഈ രൂപത്തിലുള്ള കൊടും കുറ്റവാളികളുടെ അവസാന സങ്കേതമായിരുന്നു അൽക്കട്രാസ് ജയിൽ. അവിടെ എത്തിയതായിരുന്നു ആംഗ്ലിൻ സഹോദരന്മാരും ഫ്രാങ്ക് മൊറിസും , ആംഗ്ലിൻ സഹോദരന്മാർ ( ജോണ് ആംഗ്ലിൻ & ക്ലാറെൻസ് ആംഗ്ലിൻ) രണ്ടുപേരും അറിയപ്പെട്ട മോഷ്ടാക്കളായിരുന്നു .ഇരുവരും ഒരുമിച്ചായിരുന്നു എല്ലാ പദ്ധതികളും പ്ലാൻ ചെയ്തിരുന്നത് ..ഒരു ബാങ്ക് കൊളളയിൽ പിടിക്കപ്പെട്ട ഇവർ അറ്റ്ലാന്റയിലെ ജയിലിൽ നിന്ന് (Atlanta federal prison) രക്ഷപ്പെടാൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടത് അവരെ ഒടുവിൽ 1960 Oct 21 നു അൽക്കട്രാസിലെത്തിച്ചു.

ഫ്രാങ്ക് മോറിസ് ചെറുപ്പം മുതൽ അനാഥനായിരുന്നു ..പലപ്പോഴും ജീവിതസാഹചര്യങ്ങളാണല്ലോ ഒരാളെ കുറ്റവാളി ആക്കുന്നത് . ഫ്രാങ്ക് മോറിസം കുറ്റവാളിയായ മറ്റൊരു ഫ്രാങ്കും അതേ ജയിലിൽനിന്ന് തടവറചാടാനുള്ള ശ്രമം പിടിക്കപ്പെട്ടതാണ് 1960 അൽക്കട്രാസിലെത്താൻ കാരാണം .
ജയിൽ ജീവിതം ആരംഭിക്കവേ അവിടെ വെച്ച് അലെൻ വെസ്റ്റ് (Allen west) എന്നൊരു ആളുമായി ഇവർ പരിചയപ്പെട്ടതു മുതലാണ് സംഭവങ്ങളുടെ ആരംഭം.അലെൻ സീനിയർ ആയിരുന്നു ഇവരേക്കാൾ 3 വർഷം മുമ്പേ അവിടെ എത്തിയ പ്രതി .അതിനാൽ അലന് ജയിലിന്റെ ഭൂപ്രകൃതി നന്നായി അറിയാമായിരുന്നു ..ഓരോ കുറ്റവാളികൾക്കും ഒരു ചെറിയ ജയിലറയാണ് അൽക്കട്രാസിൽ നല്കിയിരുന്നത്.

അതിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. കളിസ്ഥലവും ലൈബ്രറി അടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്. ഓരോന്നിനും നിശ്ചയിക്കപ്പെട്ട സമയങ്ങളുണ്ട് . തടവുകാർക്ക് ജോലി ചെയ്ത് കുറഞ്ഞ വേതനം സമ്പാദിക്കാനുള്ള അവസരവുമുണ്ട് ,അത്തരക്കാരെ ജയിലധികൃതർ പ്രത്യേകം പ്രോത്സാഹിപ്പിച്ചിരുന്നു.അലെൻ അത്തരത്തിൽ ഒരു വിധം എല്ലാ ജോലികളും ജയിലിനുള്ളിൽ ചെയ്യുമായിരുന്നു (ക്ലീനിംഗ് ,പെയിന്റിംഗ് etc)…ഒരിക്കൽ ജയിൽ ബ്ലോക്കിന്റെ മേല്കൂര വൃത്തിയാക്കുമ്പോൾ ഒരു ചെറിയ വെന്റിലേറ്റർ അലന്റെ ശ്രദ്ധയിൽ പെടുന്നു ..അലൻ അത് സൂക്ഷമമായി പരിശോധിച്ചു. പൊടിപിടിച്ചു വൃത്തികേടായ അതിനുള്ളിലൂടെ ഒരാൾക്ക് കഷ്ടിച്ച് ശരീരം കടത്താം ..അതിലൂടെ കയറിയാൽ അൽക്കട്രാസ് ജയിലിന്റെ മേൽക്കൂരയിൽ എത്താം എന്ന് അലൻ മനസ്സിലാക്കുന്നു.ഈ പ്ലാൻ അലൻ തന്റെ അടുത്ത സെല്ലിൽ താമസിക്കുന്ന ഫ്രാങ്ക് മൊറിസുമായി പങ്കു വെച്ചു .ഫ്രാങ്ക് ആംഗ്ലിൻ സഹോദരൻമാരെക്കൂടെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നു .നാലുപേരും അടുത്തടുത്ത സെല്ലുകളിലായിരുന്നു.
അങ്ങിനെ നാലുപേരും കൂടിച്ചേർന്ന് .ഒരു അവിശ്വസനീയ കഥയുടെ ആരംഭം കുറിച്ചു .
ആവശ്യമാണ് കണ്ടു പിടിത്തത്തിന്റെ മാതാവ് എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന രൂപത്തിലായിരുന്നു പിന്നീടുള്ള അവരുടെ ഓരോ കണ്ടെത്തലുകളും , ജയിലിനു
പിറകെ ആരും ഉപയോഗിക്കാതെ കിടക്കുന്ന ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു (utility corridor) ,ജയിലിലെ അഴുക്ക് കളയുന പൈപ്പുകൾ കൂട്ടിയിട്ടിരുന്ന ആ വഴിയിലെത്തിയാൽ അതിലൂടെയുള്ള പൈപ്പിൽ പിടിച്ച് കയറി ജയിൽ ബ്ലോക്കിന്റെ മുകളിൽ തങ്ങൾ നേരത്തെ കണ്ടുവെച്ച വെന്റിലേറ്ററിനരികെ എത്താനാകുമെന്നു അവർ മനസ്സിലാക്കുന്നു .പക്ഷെ പദ്ധതി നടക്കണമെങ്കിൽ ആദ്യം തങ്ങൾ വസിക്കുന്ന ജയിലിനു പുറത്ത് കടക്കണം . അതിനുള്ള വഴിയാണ് ആദ്യം അന്വേഷിക്കേണ്ടിയിരുന്നത് അതിനുള്ള ഒരു കുറുക്കുവഴി വൈകാതെ അവർ കണ്ടെത്തി മറ്റൊന്നുമല്ല അവരുടെ ജയിൽ മുറിയിലെ ഒരു ചെറിയ വേന്റിലേറ്റർ തന്നെ .വളരെ ചെറിയ ആ വേന്റിലേറ്റർ 18 ഇഞ്ച് കനത്തിലുള്ള കോണ്ക്രീറ്റ് മതിലിനകത്തായാതിനാൽ അതിനു ചുറ്റുമായി തങ്ങളുടെ ശരീരം കടക്കാനാവശ്യമായ രൂപത്തിൽ ഒരു ദ്വാരം നിർമിക്കണം . അതിനായി കഴിയാവുന്ന ആയുധങ്ങൾ സംഘടിപ്പിച്ചു. മെസ്സിൽ നിന്നും മോഷ്ടിച്ച സ്പൂണ് ആയിരുന്നു മുഖ്യആയുധം. അതാകുമ്പോൾ ഒളിപ്പിക്കാനും എളുപ്പമാണല്ലോ. സ്പൂണ് ഉപയോഗിച്ച് കോണ്ക്രീറ്റ് കിളക്കുമ്പോൾ ശബ്ദം പുറത്തുള്ള പാറാവുകാർ കേൾക്കാതിരിക്കാൻ അവർ ഒരു വിദ്യയും പ്രയോഗിച്ചു ,ഒരാൾ
കിളക്കുമ്പോൾ മറ്റേആൾ ഉച്ചത്തിൽ മ്യൂസിക്കിൽ മുഴുകും. രാത്രി അല്പസമയം സംഗീത ഉപകരണങ്ങൾ വായിക്കാൻ അവർക്കു അനുമതിയുണ്ടായിരുന്നു .ഏതു സമയത്തായാലും ഒരാൾ കിളക്കുമ്പോൾ മറ്റേയാൾ കാവൽ നിൽക്കുന്നുണ്ടാകും. ഇടനാഴിയിലെ പോലീസ് സെല്ലിന് അടുത്തെത്താനാകുമ്പോൾ കാവൽ നിൽക്കുന്നയാൾ അടുത്തുള്ളവന് പ്രത്യേക സിഗിനൽ കൈമാറും . മാത്രമല്ല കോണ്ക്രീറ്റ് മതിലിൽ അവർ നടത്തിയ കലാപരിപാടികൾ മറച്ചു വെക്കാനായി മതിലിന്റെയും വേന്റിലെറ്ററിന്റെയും ഒരു കൃത്രിമ രൂപം കാർഡ്ബോർഡിൽ നിർമിച്ചു അതേ നിറത്തിൽ അതിനു ചായവും പൂശി ..ജോലി കഴിഞ്ഞാൻ അത് മേലെ മറച്ചു വെക്കുന്നതിനാൽ ഇവരുടെ ഈ കുടിൽ വ്യവസായം പുറത്തുനിന്നും വരുന്ന ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല .നിരവധി മാസങ്ങൾ പിന്നിട്ടപ്പോൾ അവരുടെ ശരീരം കഷ്ടിച്ച് പുറത്ത് കടത്താവുന്ന രൂപത്തിൽ ഒരു ദ്വാരം നിർമ്മിക്കാൻ അവർക്ക് സാദ്ധ്യമായി .
മാസങ്ങളുടെ പരിശ്രമഫലമായി തങ്ങൾ താമസിക്കുന്ന സെല്ലിന്റെ പുറത്തെത്താനുള്ള വഴിയൊരുക്കാൻ അവർക്കു സാദ്ധ്യമായി .അതിലൂടെ കടന്നു ജയിൽ ബ്ലോക്കിന്റെ മുകളിലെത്തി നേരത്തെ കണ്ട ഹോളിലൂടെ മേൽക്കൂരയിലെത്തി താഴെ ഇറങ്ങി പുറത്ത്കടന്നാലും തങ്ങളുടെ മുമ്പിലുള്ള കടലിനെ മറികടക്കാൻ കൂടെ ഒരു വിദ്യ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു. രക്ഷപ്പെടാൻ ഏറ്റവും വലിയ തടസ്സം ജയിലിനു ചുറ്റുമുള്ള കടലായിരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ അതി കഠിനമായ തണുപ്പുള്ള ജലത്തിൽ നീന്തി കരയിലെത്താം എന്നത് അസാധ്യമാണ് ,അമിതമായ തണുപ്പ് ശരീരത്തെ ഹൈപോതെർമിയ (Hypothermia) എന്ന അവസ്ഥയിലേക്ക് നയിക്കും , ബോധം വരെ നഷ്ടപ്പെട്ട് മരണം സംഭവിക്കും.

.ഈ വലിയൊരു പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന ചിന്തയിലായിരുന്നു അലനും കൂട്ടരും , വൈകാതെ അതിനുള്ള ഉത്തരം ജയിൽ ലൈബ്രറിയിൽ നിന്നും അവരെ തേടിയെത്തി . അവിടെയുണ്ടായിരുന്ന ഒരു മെക്കാനിക്കൽ വാരികയിൽ ലൈഫ് ജാക്കറ്റും ചങ്ങാടവും (Raft) ഉണ്ടാക്കുന്നതിനെ വിശദീകരിക്കുന്ന ഒരു ലേഖനം അവർക്ക് തുണയായി .അതിനായി 50 ലേറെ റയിൻകോട്ടുകൾ അവർ ജയിലിൽ നിന്ന് മോഷ്ട്ടിച്ചു.അതു കീറി അതുകൊണ്ട് ചങ്ങാടവും ലൈഫ് ജാക്കറ്റും നിർമിക്കാനുള്ള പ്ലാൻ ആയിരുന്നു. ഇത്രയേറെ റയിൻകോട്ടുകളും നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങളും സുരക്ഷിതമായി ഒളിപ്പിക്കാൻ ഒരിടം വേണം അതിനായി അവർ തിരഞ്ഞെടുത്ത സ്ഥലം ജയിൽ ബ്ലോക്കിന്റെ മുകൾ വശം തന്നെ , മോഷ്ടിക്കുന്ന ഓരോ ജാക്കറ്റും അവിടെ എത്തിച്ചു , പക്ഷെ ഒരു പ്രശനം ജയിൽ ബ്ലോക്കിന്റെ നേരെ എതിർവശത്തുള്ള ബ്ലോക്കിലെ ഉദ്യോഗസ്ഥന്റെ ഇരിപ്പിടത്തിൽ നിന്നും ബ്ലോക്കിന്റെ മുകൾ വശത്തേക്ക് കാണാൻ സാധിക്കുമായിരുന്നു. അയാളുടെ ശ്രദ്ധയെങ്ങാനും അവിടെ പതിഞ്ഞാൽ പദ്ധതി ആകെ പാളും ,അതിനായി അലൻ മറ്റൊരു വിദ്യ പ്രയോഗിച്ചു , ഒരു പക്ഷെ ഈ മുഴുവൻ ഓപറേഷനിലെ ഏറ്റവും വലിയ തന്ത്രം അതായിരുന്നെന്നു പറയാം , ജയിൽ ബ്ലോക്കിന്റെ മേൽക്കൂര വൃത്തിയാക്കുമ്പോൾ അലൻ ബോധപൂർവ്വം താഴേക്ക് നന്നായി പൊടി പാറ്റിച്ചു ,വല്ലാതെ പൊടി പാറിയപ്പോൾ അടിയിലെ ഉദ്യോഗസ്ഥർ അലെനോട് ദേഷ്യപ്പെട്ടു . വൃത്തിയാക്കുമ്പോൾ അടിയിലേക്ക് പൊടി പാറാതിരിക്കാൻ എന്ന വ്യാജേനെ അലൻ ബ്ലോക്കിന്റെ മേൽഭാഗം ഒരു ബ്ലാങ്കറ്റുകൊണ്ട് മറച്ചുവെച്ചു !! അലന്റെ ഈ പ്രവൃത്തിയിൽ ജയിലുദ്യോഗസ്ഥർക്ക് അസാധാരണമായി ഒന്നും തോന്നിയതുമില്ല ,
ജയിലിൽ തങ്ങൾ കിടക്കുന്ന കട്ടിലിൽ അവരുടെ രൂപത്തിന് സമാനമായ ഒരു ഡമ്മി വെച്ചായിരുന്നു അവർ രാത്രിസമയങ്ങളിൽ അവർ ജാക്കറ്റ് നിർമ്മാണത്തിനു പോയിരുന്നത് ,ഡമ്മി നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ജയിലിൽ നിന്നുതന്നെ അവർക്ക് ലഭിച്ചു ., സോപ്പും പേസ്റ്റും പിന്നെ ടിഷ്യുപേപ്പർ, കോണ്ക്രീറ്റ് പൊടി ഇവയായിരുന്നു ഡമ്മി നിർമ്മിക്കാനായി അവർ ഉപയോഗിച്ചിരുന്നത് .ഇതിനായി പലരും അവരെ സഹായിച്ചു , കൂടെ ഒറിജിനാലിറ്റി തോന്നിക്കുവാൻ യഥാർത്ഥ മുടിയും വെച്ചു പിടിപ്പിച്ചു , ജയിലിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാളുടെ സംഭാവനയായിരുന്നു മുടി ,രണ്ടു മാസത്തെ പരിശ്രമഫലമായി ചങ്ങാടവും ജാക്കറ്റും നിർമ്മാണവും പൂർത്തിയായി . ഭാഗ്യവശാൽ ജയിലിൽ നിന്നും അത്രയേറെ റയിൻകോട്ട് മോഷണം പോയത് ആരുടേയും ശ്രദ്ധയിൽ പെട്ടതുമില്ല !!

ജൂണ് 11 1962 തിങ്കളാഴ്ച ദിനം

അന്നാണ് കഥയുടെ ക്ലൈമാക്സ് ദിനം , രാത്രി 9.30 ന് ജയിലിൽ ഉറങ്ങാനായി ലൈറ്റ് അണച്ചപ്പോൾ 4 പേരും രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു ഡമ്മി കട്ടിലിൽ വെച്ച് മോറിസാണ് ആദ്യം പുറത്ത് കടന്നത് , മൂന്നുപേരും ജയിലിന്റെ പിറകിലെ ഇടവഴിയിൽ വെച്ച് ഒരുമിച്ച് പൈപ്പ് പിടിച്ച് സെൽ ബ്ലോക്കിന്റെ മുകളിലെത്തി .നിർഭാഗ്യവശാൽ അലെൻ വെസ്റ്റിനു അന്ന് ശരീരത്തെ തന്റെ സെല്ലിന്റെ അകത്തെ വെന്റിലേറ്ററിനകത്തിലൂടെ കടത്താൻ കഴിഞ്ഞില്ല , അലൻ അതിനായി നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു. ബ്ലോക്കിനു മുകളിലെത്തിയ മൂന്നു പേരും അലനെ കാത്തു നിൽക്കുകയായിരുന്നു , സമയം വളരെ നിർണ്ണായകമായിരുന്നതിനാൽ അധികം കാത്തുനിൽക്കാൻ അവർക്ക് സാധിച്ചില്ല , അവർ ഓരോരുത്തരായി തങ്ങൾ നേരത്തെ കണ്ടുവെച്ച വഴിയിലൂടെ അൽക്കട്രാസ് ജയിലിന്റെ ഏറ്റവും മുകളിലെ മേൽക്കൂരയിലെത്തി .അവിടെനിന്നും ജയിലിന്റെ താഴെ ഇറങ്ങി .ശേഷം ജയിലിനു ചുറ്റുമുള്ള കമ്പിവേലി കടന്നു കടലിനരികെയെത്തി ,അതീവജാഗ്രതയോടെയായിരുന്നു ഓരോ ചുവടുവെപ്പും , ശേഷം തങ്ങൾ നിർമിച്ച ചങ്ങാടം വെള്ളത്തിലിറക്കി.
ആ രാത്രി കടന്നുപോയി രാവിലെ 7 മണിക്ക് തടവുകാർക്ക് ഉണരാനുള്ള ബെൽ അടിച്ചു , രാവിലെ എഴുന്നേറ്റ ഉടൻ എല്ലാവരും ജയിലിന്റെ വാതിലിനടുത്ത് നിൽക്കണം, ശേഷം ഒരു ഉദ്യോഗസ്ഥൻ വന്നു എണ്ണമെടുക്കും ഇതായിരുന്നു അവിടെയുണ്ടായിരുന്ന രീതി , സർവ്വരും എഴുന്നേറ്റപ്പോഴും ആംഗ്ലിൻ സഹോദരൻമാരുടെയും ഫ്രാങ്ക് മോറിസിന്റെയും സെല്ലിൽ മാത്രം ലൈറ്റ് കത്തിയില്ല , അവർ പുതിപ്പിനുള്ളിൽ കിടക്കുന്നത് കണ്ട ജയിലുദ്യോഗസ്ഥാൻ അവരെ റൂമിനു മുന്നിൽ വന്നു ഉറക്കെ വിസൽ വിളിച്ചു ,ശേഷം ഉണർത്താനായി കയ്യിലുള്ള വടി ഉപയോഗിച്ചു തലയ്ക്കു മേടി ,സംഭവിച്ചതെന്തെന്നോ തല ഉരുണ്ടു നിലത്ത് വീണു !
ഇത് കണ്ട ഉദ്യോഗസ്ഥൻ ഞെട്ടിത്തരിച്ചു . വിവരം എങ്ങും അറിഞ്ഞു !! ജയിലിലെ മുക്കും മൂലയും പുറമേയും അവർ പരിശോധിച്ചു ..നിമിഷങ്ങൾക്കകം കോസ്റ്റ് ഗാർഡും ഹെലിക്കൊപ്റ്ററും സ്ഥലത്തെത്തി ശക്തമായ പരിശോധന ആരംഭിച്ചു , ചുറ്റുമുള്ള കടലിലെ ഓരോ ഭാഗവും അവർ പരിശോധിച്ചെങ്കിലും പ്രതികളുടെ പൊടിപോലും അവർക്ക് കണ്ടെത്താനായില്ല , പരിശോധനയിൽ FBI ഉദ്യോഗസ്ഥരെ ഏറ്റവും ഞെട്ടിച്ചത് ജയിൽ ബ്ലോക്കിന്റെ മുകൾ ഭാഗത്ത് ബ്ലാങ്കെറ്റിനു പിറകെ കണ്ട കാഴ്ചകളായിരുന്നു ,ഒരു spare parts കടപോലെയായിരുന്നു അവിടം .
രണ്ടു ദിവസത്തോളം ഉദ്യോഗസ്ഥർ ചുറ്റുമുള്ള കടൽ അരിച്ചു പെറുക്കിയെങ്കിലും അവർതന്നെ തുഴയാനുപയോഗിച്ച ഒരു പങ്കായമാല്ലാതെ (Paddle) മറ്റൊന്നും കണ്ടെത്താനായില്ല ,സമാനമായ മറ്റൊരു പങ്കായം ജയിൽ ബ്ലോക്കിനുമീതെ അലനായി അവർ ഉപേക്ഷിച്ചിരുന്നു ,അതിനാൽ അത് അവരുടേതാണെന്ന് എളുപ്പം തിരിച്ചറിയാൻ സാധിച്ചു . അന്വേഷണത്തിന്റെ ഭാഗമായി ജയിലിലെ ഓരോരുത്തരെയും ശക്തമായി ചോദ്യം ചെയ്തു ,അലന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ചുമരിൽ ദ്വാരം കണ്ടതോടെ പദ്ധതിയിൽ അലനുള്ള പങ്ക് വെളിപ്പെട്ടു ,എന്നാൽ അലൻ മുഴുവൻ വെളിപ്പെടുത്താൻ സന്നദ്ധമായില്ല പലതും അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി .

മൂന്നാം ദിവസം അവരുടെ മൂന്ന് ലൈഫ് ജാക്കറ്റും ദ്വീപിന്റെവിവിധ ഭാഗത്തുനിന്നായി കണ്ടെത്താനായെങ്കിലും അവരുടെ ചങ്ങാടമോ ശവശരീരങ്ങളോ ഒരിക്കലും അവർക്ക് ലഭിച്ചില്ല ,ഇക്കാരണത്താൽ അവർ രക്ഷപ്പെട്ടിരിക്കും എന്ന് പലരും വിശ്വസിച്ചു ..മാത്രമല്ല സംഭവദിവസം രാത്രി ജോലിയിലുണ്ടായിരുന്ന സാൻഫ്രാൻസിസ്കോ പോലീസിന്റെ മൊഴി പ്രകാരം പ്രതികൾ രക്ഷപ്പെട്ട രാത്രി ഈ രണ്ടു ദ്വീപുകൾക്കും ഇടയിൽ രാത്രി ഒരു മണി സമയത്തോളം അസാധാരണമായി ഒരു ബോട്ട് കണ്ടിരുന്നത്രേ പ്രതികൾ മൂവ്വരെയും സ്വീകരിക്കാനായി
വന്ന ആരോ ആയിരിക്കാം ബോട്ടിലെന്നും പിന്നീട് അവർ അതിൽ കയറി രക്ഷപ്പെട്ടിരിക്കും എന്നും പലരും കണക്കുകൂട്ടി .രക്ഷപ്പെട്ടുവെങ്കിൽ തീർച്ചയായും കുടുംബങ്ങളുടെ അരികെ അവർ എത്തുമെന്നതിനാൽ അവരുടെ വീട് കേന്ദ്രീകരിച്ച് വർഷങ്ങളോളം ഉദ്യോഗസ്ഥർ പല വേഷത്തിലും രൂപത്തിലും നടന്നുനോക്കിയെങ്കിലും യാതൊരു ഫലമുണ്ടായില്ല , എന്നാൽ ഈ സമയങ്ങളിലെല്ലാം കുടുംബാങ്ങൾക്ക് പല പേരുകളിലായി കത്തുകൾ വന്നിരുന്നത്രേ , മാത്രമല്ല എല്ലാ Mothers day ദിവസത്തിലും ആംഗ്ലിൻ സഹോദരന്മാരുടെ അമ്മക്ക് ഒരു അജ്ഞാത ഗിഫ്റ്റ് വന്നിരുന്നു. 1973 ൽ ആംഗ്ലിൻ സഹോദരന്മാരുടെ അമ്മ മരണപ്പെട്ടപ്പോൾ ശവസംസ്കാരചടങ്ങുകൾ കഴിയുന്നത് വരെ FBI അവിടം നിരീക്ഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല ..എന്നാൽ മരണപ്പെട്ട ദിനം രാവിലെ അവിടെയെങ്ങും കാണാത്ത മൂന്ന് വൃദ്ധയായ സ്ത്രീകൾ വീട്ടിൽ വന്നതായും പിന്നീട് അവരെ കണ്ടില്ലെന്നും കുടുംബക്കാരുടെ മൊഴിയുണ്ടായിരുന്നു ..പതിനഞ്ചു വർഷത്തോളം FBI യുടെ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ 1977 ൽ അന്വേഷണം US മാർഷൽ (United States Marshals Service) ഏറ്റെടുത്തു , അന്വേഷണത്തിൽ ഇന്നുവരെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നതാണ് സത്യം ..പ്രതികൾ മറ്റേതോ രാജ്യത്തിലേക്ക് രക്ഷപ്പെട്ടിരിക്കും എന്നൊക്കെ പറയപ്പെട്ടിരുന്നു , ഏതായാലും അവരുടെ അതിസാഹസികതയുടെ കഥ ലോകം അറിഞ്ഞെങ്കിലും മൂന്ന് പേർക്കും പിന്നീട് എന്ത് സംഭവിച്ചു എന്നത് ഇന്നും ചുരുളഴിഞ്ഞിട്ടില്ല ,

അവിശ്വസനീയ സാഹസികതയെ ആസ്പദമാക്കി ഹോളിവൂഡ് നാലോളം ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Top