ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എഎൻ ഷംസീർ എംഎൽഎയുടെ മകനെ സർക്കാർ സ്കൂളിൽ ചേർക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. എഎൻ ഷംസീറിന്‍റെ മകൻ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ വിഷയത്തിൽ ഇടപെട്ടത്.
എഎൻ ഷംസീറിന്‍റെ ചിത്രമുള്ള കലണ്ടർ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും തൂക്കണമെന്ന നിർദേശം വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. എല്ലാവരും സർക്കാർ പൊതു വിദ്യാലയങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കലണ്ടറിലാണ് ഷംസീറിന്‍റെ ചിത്രവും ഉൾക്കൊള്ളിച്ചിരുന്നത്. പൊതുവിദ്യാലയങ്ങൾക്കൊപ്പം നിൽക്കാൻ ആവശ്യപ്പെടുന്ന എംഎൽഎയുടെ കലണ്ടർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ മകൻ പഠിക്കുന്നത് സ്വകാര്യ വിദ്യാലയത്തിലാണെന്ന വാർത്ത പുറത്തുവന്നത്.
മകനെ സ്വകാര്യ വിദ്യാലയത്തിൽ ചേർത്തിയ കാര്യത്തിൽ ഷംസീറിന് പിശക് പറ്റിയതാണെന്നും, സംഭവിച്ചത് പിശകാണെന്ന് മനസിലായപ്പോൾ അത് തിരുത്തുകയാണെന്നുമാണ് എം സ്വരാജ് പറഞ്ഞത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നാണ് ഷംസീർ പ്രതികരിച്ചത്.
ഷംസീറിന്‍റെ വീടനടുത്തുള്ള പ്ലേ സ്കൂളിലാണ് അദ്ദേഹത്തിന്‍റെ മകൻ ആദ്യം പഠിച്ചിരുന്നത്. പിന്നീട് കിന്‍റെര്‍ഗാര്‍ട്ടനിലും ഒന്നാം ക്ലാസിലും അതേ സ്വകാര്യ വിദ്യാലയത്തിൽ തുടരുകയായിരുന്നു.


