കൊച്ചി: കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ഡിഎംഒ റിപ്പോര്‍ട്ട്. പ്രസവത്തിലും പരിചരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യം ഒരുക്കിയതെന്നും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററിലാണ് രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
തുടര്‍ച്ചയായ വീഴ്ചകള്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചെന്നാണ് കണ്ടെത്തല്‍. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നല്‍കേണ്ട ചികിത്സ നല്‍കിയില്ല. ഓപ്പറേഷന്‍ നടത്താമായിരുന്നിട്ടും നടത്തിയില്ല. രേഖകളില്‍ പൊരുത്തക്കേടുണ്ടെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നു. റൊമാരിയോ അലീന ദമ്പതികളുടെ കുഞ്ഞാണ് ഫെബ്രുവരി 26ന് ജനിച്ച ദിവസം തന്നെ മരിച്ചത്.
ദമ്പതികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസിനെ സമീപിക്കാനിരിക്കുകയാണ് ദമ്പതികള്‍. അതേസമയം തങ്ങളുടെ പരാതി ആദ്യം ആശുപത്രിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ചികിത്സാപ്പിഴവ് നടന്നില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.
ആശുപത്രിയെ ആദ്യം തന്നെ കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ചികിത്സാപ്പിഴവ് നടന്നിട്ടില്ലെന്നാണ് അവര്‍ പറഞ്ഞു. ഡിഎംഒ റിപ്പോര്‍ട്ട് വന്നപ്പോഴാണ് വീഴ്ചകള്‍ അറിഞ്ഞത്. ശ്വാസം വലിക്കാന്‍ ബുദ്ധുമുട്ടുണ്ടായ കുഞ്ഞിന് വൈകിയാണ് വെന്റിലേറ്റര്‍ നല്‍കിയത്. അതും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്റര്‍. ഡോക്ടര്‍മാരും നഴ്സുമാരും കൃത്യമായി നോക്കിയില്ല. ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 90 ദിവസത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്’, അലീന പറഞ്ഞു.




