ന്യൂഡല്‍ഹി: വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കി സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്.സി.ആര്‍.എ. ചട്ടഭേദഗതി നടത്തി കേന്ദ്ര സര്‍ക്കാര്‍.മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ധ്യാനക്യാമ്പുകള്‍ എന്നിവ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മാത്രമേ നടത്താവൂ
ഇന്ത്യന്‍വംശജനല്ലാത്ത വിദേശ പൗരന്മാര്‍ എന്‍.ജി.ഒ.യുടെ പ്രധാന ഭാരവാഹിയാണെങ്കില്‍, അത്തരം സംഘടനകള്‍ക്ക് എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനോ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുന്‍കൂര്‍ അനുമതിയോ ‘സാധാരണയായി’ അനുവദിക്കില്ല. എന്നാല്‍, പ്രത്യേകസാഹചര്യങ്ങളില്‍ വിദേശ പൗരരെ പ്രധാന ഭാരവാഹികളായി അനുവദിക്കാവുന്ന ഘട്ടം പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാരിനു നിര്‍വചിക്കാം.
2026-നുമുമ്പ് രജിസ്റ്റര്‍ചെയ്ത എല്ലാ സംഘടനകള്‍ക്കും അവരുടെ രജിസ്‌ട്രേഷനില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രത്യേക ലക്ഷ്യങ്ങളും പ്രവര്‍ത്തനമേഖലകളായ സംസ്ഥാനങ്ങളുടെ പേരുകളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചു. അപേക്ഷയില്‍ പുതുതായി ഒരു സംസ്ഥാനമോ ലക്ഷ്യമോ ചേര്‍ക്കുന്നതിന് 300 രൂപ വീതം അധിക ഫീസ് ഈടാക്കും.
പ്രവര്‍ത്തനരഹിതമായ എന്‍.ജി.ഒ.കള്‍ ലൈസന്‍സ് തുടരുന്നത് തടയുന്നതിനായി പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി. രണ്ടുസാമ്പത്തികവര്‍ഷത്തിനിടയില്‍ തങ്ങള്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശസംഭാവനയില്‍നിന്ന് സംഘടനകള്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവിട്ടിരിക്കണം. ഇത് ചെയ്യാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടമാകും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും റദ്ദാക്കല്‍ ഒഴിവാക്കുന്നതിനും ഈ മാനദണ്ഡം ബാധകമായിരിക്കും. മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ആവശ്യത്തിനായി വിദേശ ഫണ്ട് ലഭിക്കുന്ന എന്‍.ജി.ഒ.കള്‍ക്കും പണം വിനിയോഗത്തില്‍ നിയന്ത്രണമുണ്ട്. ആദ്യ ഗഡുവിന്റെ കുറഞ്ഞത് 75 ശതമാനം തുക വിനിയോഗിച്ചശേഷമേ ഇവര്‍ക്ക് രണ്ടാം ഗഡുവോ തുടര്‍ന്നുള്ള ഗഡുക്കളോ അനുവദിക്കുകയുള്ളൂ.
മതപരിവര്‍ത്തനം മാത്രമല്ല, രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍, മാധ്യമപ്രവര്‍ത്തനം, സമൂഹമാധ്യമങ്ങള്‍ എന്നിവയ്ക്കുകൂടി കര്‍ശന നിയന്ത്രണവും നടപടികളും എഫ്സിആര്‍എ നിയമ ഭേദഗതിയിലുണ്ട്. 2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള്‍ ഭേദഗതി ചെയ്തു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഗസറ്റ് വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളില്‍ ചിലതെങ്കിലും ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
രാഷ്ട്രീയ ഉള്ളടക്കത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിലക്ക്, സമൂഹമാധ്യമ അക്കൗണ്ടുകളുടെ നിര്‍ബന്ധിത പ്രഖ്യാപനം, വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്റ് അഫയേഴ്‌സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള വിലക്ക്, നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിശാസ്ത്ര മേഖലകള്‍ക്കുമുള്ള നിയന്ത്രണം, വര്‍ധിച്ച പിഴത്തുകകള്‍ തുടങ്ങിയവയാണു പുതിയ ഭേദഗതിയിലെ ശ്രദ്ധേയ മാറ്റങ്ങള്‍.
വിദേശ പൗരന്മാരുടെ വിലക്കും വര്‍ധിച്ച പിഴശിക്ഷകളും മുതല്‍ വിദേശത്തുനിന്നുള്ള പണദാതാക്കളുടെ സുതാര്യതയും ഫണ്ട് അയയ്ക്കുന്ന സംവിധാനങ്ങള്‍ വരെയുള്ള പലതും വേറെയുമുണ്ട്. 2010ലെ എഫ്സിആര്‍എ നിയമങ്ങളിലെ പത്താമത്തെ ഭേദഗതിയാണിത്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു കര്‍ശനമായ സുതാര്യത, ഉത്തരവാദിത്വം, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ എന്നിവയാണു പുതിയ ഭേദഗതിയിലെ പ്രത്യേകതകള്‍.
എഫ്‌സിആര്‍എ രജിസ്‌ട്രേഷനോ നിലവിലുള്ളത് പുതുക്കാനോ ശ്രമിക്കുന്ന എന്‍ജിഒകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വെബ്സൈറ്റുകളുടെയും വിശദാംശങ്ങള്‍ അപേക്ഷയില്‍ വെളിപ്പെടുത്തണം. അസോസിയേഷനോ അതിന്റെ പ്രധാന പ്രവര്‍ത്തകരോ ആ വര്‍ഷത്തില്‍ ഏതെങ്കിലും പുസ്തകങ്ങള്‍, മാസികകള്‍ അല്ലെങ്കില്‍ പത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും പ്രഖ്യാപിക്കണം. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്റ് അഫയേഴ്‌സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്കുണ്ട്.
എന്‍ജിഒകള്‍ക്ക് പൊതുവായ അനുമതി ഇനി ലഭിക്കില്ല. നിയമങ്ങളിലെ മുന്‍നിശ്ചയിച്ച ഷെഡ്യൂളില്‍നിന്ന് അവര്‍ ഇപ്പോള്‍ അവരുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനസംസ്ഥാനങ്ങളും തെരഞ്ഞെടുക്കണം. ഈ വിശദാംശങ്ങള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കും. 2026ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള എന്‍ജിഒകള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനകം അപ്ഡേറ്റ് ചെയ്ത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. ഏതെങ്കിലും സംസ്ഥാനങ്ങളിലേക്കോ ഉദ്ദേശ്യങ്ങളിലേക്കോ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെങ്കിലും ഓരോന്നിനും 300 രൂപ വീതം അധികഫീസ് ഈടാക്കും.
എഫ്‌സിആര്‍എ 2010 പ്രകാരം മുന്‍കൂര്‍ അനുമതി അപേക്ഷ പ്രോസസ് ചെയ്യുന്നതിനുള്ള നിര്‍ദേശം:
1. ഒരു നിശ്ചിത സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, മത അല്ലെങ്കില്‍ സാമൂഹിക പരിപാടിയുള്ള ഓരോ വ്യക്തിക്കും, സെക്ഷന്‍ 11 (1) പ്രകാരം കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കി ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടിയതിനുശേഷം മാത്രമേ ഏതെങ്കിലും വിദേശസംഭാവന സ്വീകരിക്കാന്‍ കഴിയൂ. കൂടാതെ, അത്തരം മുന്‍കൂര്‍ അനുമതി അതു ലഭിക്കുന്ന നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ നിര്‍ദിഷ്ട ഉറവിടത്തില്‍നിന്നോ മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂ.
2. 2010ലെ എഫ്‌സിആര്‍എയുടെ സെക്ഷന്‍ 46 പ്രകാരം നിയുക്തമാക്കിയ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട്, മുന്‍കൂര്‍ അനുമതി അപേക്ഷയിലൂടെ വിദേശസംഭാവന സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സാധുത കാലയളവ് ഇപ്രകാരമായിരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഇതിനാല്‍ നിര്‍ദേശിക്കുന്നു:
എ) വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള സാധുത കാലയളവ് മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ അംഗീകരിച്ച തീയതി മുതല്‍ മൂന്നു വര്‍ഷമായിരിക്കും.
ബി) മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ അംഗീകരിച്ച തീയതി മുതല്‍ നാലു വര്‍ഷമായിരിക്കും പ്രസ്തുത വിദേശസംഭാവന ഉപയോഗിക്കുന്നതിനുള്ള സാധുത കാലയളവ്.
3. കൂടാതെ, മുന്‍കൂര്‍ അനുമതി അപേക്ഷകളുടെ കാര്യത്തില്‍ മുന്‍കൂര്‍ അനുമതിയില്‍ അംഗീകൃത പ്രോജക്ട്/പ്രവര്‍ത്തനത്തിന്റെ ശേഷിക്കുന്ന കാലാവധി മൂന്നു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ അംഗീകരിച്ച തീയതിക്കുപകരം ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതിയായ ഇന്നലെമുതല്‍ മേല്‍പ്പറഞ്ഞ സമയപരിധി കണക്കാക്കും.
4. മുകളിലുള്ള രണ്ട്, മൂന്ന് ഖണ്ഡികയിലെ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും ആഭ്യന്തരമന്ത്രാലയത്തിലെ യോഗ്യതയുള്ള അധികാരിക്ക് ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ ഒരു അസോസിയേഷന്റെയോ സംഘടനയുടെയോ സാധുത കാലയളവ് നീട്ടിക്കൊടുക്കാനാകും.
5. മുകളില്‍ പറഞ്ഞ സമയപരിധികള്‍ക്കപ്പുറം വിദേശസംഭാവനയുടെ ഏതെങ്കിലും രസീത് അല്ലെങ്കില്‍ ഉപയോഗം 2010 ലെ എഫ്‌സിആര്‍എയുടെ ലംഘനമായിരിക്കും. ഏതെങ്കിലും ലംഘനമുണ്ടായാല്‍ ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കും.
യോഗ്യതയുള്ള അധികാരികളുടെ അംഗീകാരത്തോടെയാണ് ഈ പൊതുനോട്ടീസെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ എഫ്‌സിആര്‍എ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഗൗരഭ് ബഹ്‌സ ഒപ്പുവച്ച നോട്ടീസില്‍ വിശദീകരിച്ചിട്ടുണ്ട്.



