തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടെ അടക്കം പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്. ഈ കൗണ്‍സിലര്‍മാരോട് നാല് ആഴ്ചയ്ക്കകം സത്യപ്രതിജ്ഞ വീണ്ടും ചെയ്യാനാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി.ദീപക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 20 ബിജെപി കൗണ്‍സിലര്‍മാര്‍ ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്‌തെന്ന് കാട്ടിയാണ് ദീപക് കോടതിയെ സമീപിച്ചത്. കോര്‍പറേഷനിലെ സത്യപ്രതിജ്ഞ വേളയില്‍ 20 ബിജെപി കൗണ്‍സിലര്‍മാര്‍ വിവിധ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.










