ഞാൻ കോൺഗ്രസുകാരനാണ്‌; സി.പി എമ്മിന്റെ കൂലിതല്ലുകാരനല്ല..രമേശ് ചെന്നിത്തലയെ നിർത്തി പൊരിച്ച്‌ എഡ്വേർഡ്

കൊച്ചി: അനിയനായ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നും ശ്രീജിവിന്റെ
മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ ചെന്നിത്തലയെ നിർത്തി പൊരിച്ച് ചോദ്യം ചോദിച്ച ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡിനെ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത് സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരന്‍ എന്നായിരുന്നു. ഫേസ്ബുക്കിലൂടെയുള്ള ആ പ്രസ്താവന പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇടതുപക്ഷത്തിന്റെ കൂലിത്തല്ലുകാരന്‍ അല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നുമുള്ള പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഡ്വേര്‍ഡ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താന്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞത്. താന്‍ കൈരളി ടിവിയിലെ ജീവനക്കാരനാണെന്നും ഇടതുപക്ഷ അനുഭാവിയാണെന്നും അതിനാലാണ് ചെന്നിത്തലയെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചതെന്നുമാണ് സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ പ്രചരണം നടത്തുന്നത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടാണ് ഇപ്പോള്‍ ആന്‍ഡേഴ്സണ്‍ രംഗത്തു വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആന്‍ഡേഴ്സണ്‍ തന്റെ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ…

സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് ധാരാളം Police മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്, തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ്. പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം.

ഞാന്‍ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ നേരില്‍ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തോടെയുമാണ് ഓര്‍മ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ വിറളി പൂണ്ടത് എന്തിന് ? ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാന്‍ ചോദിയ്ക്കും, സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ല്കാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക കാരണം ഞാന്‍ എന്റെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്സിനും KSU വിനും വേണ്ടിയാണ് തല്ല്കാരനായതും കേസുകള്‍ നേരിട്ടതും സംശയമുണ്ടെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാന്‍ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് കൊടുത്തത്… കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു.

എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം… ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജില്‍ ഞാന്‍ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരില്‍ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരില്‍ ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിടിച്ചത് മൂവര്‍ണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.

അതേസമയം ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് അറിയിച്ചതായി എംപി മാരായ കെ.സി വേണുഗോപാലും ശശി തരൂരും പറഞ്ഞു. 766 ദിവസമായി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്.നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കിയിരുന്നു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.

2014 മെയ് 21നായിരുന്നു ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തിൽ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരിൽ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയിൽ പാറശാല സി.ഐ അയിരുന്ന ഗോപകുമാർ ,എ. എസ്. ഐ ഫിലിപ്പോസ് , സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ ,വിജയദാസ് , എസ്.ഐ.ഡി.ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ.

Top