മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പാപ്പയ്ക്ക് കത്ത്; ഭൂമി കുംഭകോണം കത്തുന്നു

കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണം സംബന്ധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാര്‍ വി.ജെ. ഹൈസന്തിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്.

ഇടപാടില്‍ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നു എന്നാണ് ആരോപണം. ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഭൂമിയിടപാടില്‍ നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആഞ്ചേരിയെ മാറ്റി നിര്‍ത്തി, ഒരു അന്വേഷണ കമ്മീഷനെക്കൊണ്ട് അന്വേഷണം നടത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് മാര്‍പ്പാപ്പയ്ക്ക് തൊട്ടുതാഴെ വരുന്നയാളാണ് കര്‍ദിനാളെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കാനോനിക നിയമപ്രകാരം ഒരു പുരോഹിതനും സാധിക്കില്ലെന്നും മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്റെ ചെയര്‍മാര്‍ വി.ജെ. ഹൈസന്ത് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പരാതിയുമായി വിശ്വാസികള്‍ മുന്നോട്ട് വന്നപ്പോള്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചത്.

അതിരൂപത ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മാര്‍ ആലഞ്ചേരിക്കാണ്. കര്‍ദിനാളിനോട് ഭയഭക്തി ബഹുമാനങ്ങള്‍ ഉള്ളവരാണ് ആറംഗ കമ്മീഷനില്‍ ഉള്ളത്. അതിനാല്‍ തന്നെ അവര്‍ ഇക്കാര്യത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

അലക്‌സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.

Top