ദില്ലി:കോൺഗ്രസ് പാർട്ടി നടപടി എടുക്കുന്നതിനു മുൻപേ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോണ്‍ഗ്രസിൽ നിന്നും കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി രാജിവച്ചത്.
കോണ്‍ഗ്രസ് വിടില്ലെന്ന് അനില്‍ കെ ആന്റണി. ഇന്നത്തെ സാഹചര്യത്തില്‍ മറ്റ് പദവികളൊന്നും ഏറ്റെടുക്കില്ലെന്നും അദ്ദേഹം രാജി നടപടിയോട് പ്രതികരിച്ചു. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ശേഷം, കഴിഞ്ഞ 24 മണിക്കൂറില്‍ സംഭവിച്ചത് വേദനാജകമായ കാര്യമാണ്.
അതിനാല്‍ രാജിവെക്കുന്നതാണ് പാര്‍ട്ടിക്കും തനിക്കും ഉചിതമെന്ന് ബോധ്യപ്പെട്ടെന്നും അനില്‍ കെ ആന്റണി പറഞ്ഞു.2019 ല്‍ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും പറഞ്ഞത് പ്രകാരമാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അന്ന് വര്‍ക്ക് എത്തിക്‌സ് ഉള്ളവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ഇങ്ങനത്തെ രീതിയില്‍ അധഃപതിച്ചുപോയതില്‍ വിഷമമുണ്ട്. ആരേയും വ്യക്തിപരമായി കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അനില്‍ കെ ആന്റണി പറഞ്ഞു
കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq