
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നഗരസഭ സെക്രട്ടറിയടക്കം നാല് പേരെ സസ്‌പെന്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എസി മൊയ്തീന്‍ ചീഫ് ടൗണ്‍ പ്ലാനിങ്ങ് വിജിലന്‍സ് വിഭാഗത്തോടെും റീജണല്‍ ജോയിന്റ് ഡയറക്ടറോടും നിര്‍ദ്ദേശിച്ചു.
സെക്രട്ടറി കെ. എം ഗിരീഷ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കെ. കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആന്തൂരിലേത് ഒറ്റപ്പെട്ട സംഭവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്ന് ചില കുറവുകള്‍ സംഭവിച്ചിട്ടുള്ളതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സസ്‌പെന്‍ഷനെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫയലുകളില്‍ കാലതാമസമുണ്ടാകുന്നതിന് പരിഹാരമുണ്ടാക്കാന്‍ വകുപ്പ് തല നിരീക്ഷണ സംവിധാനമൊരുക്കും. പൊതുജനങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാനും അക്കാര്യം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സംവിധാനമുണ്ടാക്കും. മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കുന്നതിന് പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സാജന്റെ വീട്ടിലെത്തിയ എം.വി ജയരാജനും സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചപറ്റിയത്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണ് പ്രശ്നം വഷളാക്കിയത്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. അതിനു ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. കണ്‍വെന്‍ഷന്‍ സെന്ററിന് എത്രയും വേഗം പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും എംവി ജയരാജന്‍ പറഞ്ഞു.
വ്യാഴാഴ്ച മൂന്നുമണിയോടെ സിപിഎം നേതാക്കളായ പി.കെ ശ്രീമതി, പി. ജയരാജന്‍, എംവി ജയരാജനും വീട്ടിലെത്തിയിരുന്നു. നേതാക്കള്‍ സാജന്റെ ഭാര്യയുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി.
നേരത്തെ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥരെ തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഉന്നത ഉദ്യേഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിക്കുകയും നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.