റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിനെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു; പ്രദീപിനെ മന്ത്രി ആന്റണി രാജു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

കോട്ടയം: റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിന് മന്ത്രിമാരുടെ അഭിനന്ദനം. പ്രദീപിനെ നേരിൽക്കണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദനം അറിയിച്ചു . ഗതാഗതമന്ത്രി ആന്റണി രാജുവും പ്രദീപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

റാലി ഓഫ് ഹിമാലയാസ് അണ്ടർ 550 സിസി ബൈക്ക് വിഭാഗത്തിലാണ് പ്രദീപ് ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കിയത്. കോട്ടയം റാ റേസിംഗ് ആൻഡ് റാലിയിങ്ങ് ക്ലബ് പ്രസിഡന്റ് കൂടിയാണ് പ്രദീപ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദീപിന്റെ വിജയവാർത്ത അറിഞ്ഞ മന്ത്രിമാരായ റോഷി അഗസ്റ്റിനും, ആന്റണി രാജുവും ഇദ്ദേഹത്തെ നേരിൽ കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് (എം)മീഡിയ കോർഡിനേറ്റർ വിജി എം തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ എന്നിവരോടൊപ്പം പ്രദീപിന്റെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. എന്നാൽ ആന്റണി രാജുവിനു കാണാൻ സാധിക്കാതിരുന്നതിനാൽ ഇദ്ദേഹം ഫോണിൽ ബന്ധപ്പെട്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു.

ഹിമാലയൻ റാലിയിൽ ഹീറോ എക്‌സ് പ്ലസ് ബൈക്കിലാണ് പ്രദീപ് മത്സരിച്ചത്. ഒക്ടോബർ ആറ് മുതൽ പത്ത് വരെയാണ് കുളു-ലഹൗൽ-സ്പിതി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഹിമാലയൻ റാലി നടന്നത്. മണാലി, ഹംതാ പാസ്, സ്പിത് വാലി, കാസ, ഗ്രാംഫു തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ നടന്ന റേസിൽ 77 പേരാണ് ഇരുചക്രവാഹന വിഭാഗത്തിൽ മാത്രം പങ്കെടുത്തത്. കാർ, ബൈക്ക് റാലികളിൽ സജീവമായ പ്രദീപ് റേസിംങ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

1999ലെ പോപ്പുലർ കാർ റാലി ചാംമ്പ്യനായ പ്രദീപ് കുമാർ 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൈക്ക് റേസിങ്ങിൽ പങ്കെടുത്തത്. സഹോദരൻ പ്രേംകുമാർ 2018 ലെ ഹിമാലയൻ റാലിയിൽ ജിപ്‌സി കിരീടം നേടിയിട്ടുണ്ട്. കോട്ടയത്തെ പൈപ്‌സ് ആൻഡ് പൈപ്‌സ് എന്ന സ്ഥാപന ഉടമ കൂടിയാണ് ഇദ്ദേഹം. സൗമ്യയാണ് പ്രദീപ് കുമാറിന്റെ ഭാര്യ. വിദ്യാർത്ഥികളായ നന്ദന കണ്ണൻ, മിലൻ കണ്ണൻ എന്നിവർ മക്കളാണ്.

Top