നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള നിയമനടപടികള്‍ ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സമൂഹ മാധ്യമത്തിലൂെടയാണ് ബോബി ചെമ്മണ്ണൂര്‍ തന്റെ ഖേദം പ്രകടിപ്പിച്ചത്.
എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്‍കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കാന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഈ വിഷയം മാനുഷിക പരിഗണനയോടെ കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്തതല്ല.
എന്നാല്‍, ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.
ആരെയും വേദനിപ്പിക്കാന്‍ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല. കൂടാതെ ഈ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിച്ച് അവര്‍ കേസ് പിന്‍വലിക്കാന്‍ തയാറാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിഷയം പരിഗണിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു, ഒപ്പം പോസിറ്റീവായി മുന്നോട്ട് പോകാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.” ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍.










