തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചു കിട്ടിയെങ്കിലും, സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുപമ. ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുമെന്ന് അനുപമ അറിയിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്ന് അനുപമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മനുഷ്യാവകാശ ദിനമാണ് ഡിസംബർ പത്താം തീയതി. കുട്ടിക്കടത്ത് എന്നു പറയുന്നതു മനുഷ്യാവകാശ ലംഘനമാണ്. പത്താം തീയതി ഒരു സമരം തീരുമാനിച്ചിട്ടുണ്ട്. ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു. എനിക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതു സൈബർ സഖാക്കളാണ്. ഒരു ഭാഗത്തുനിന്ന് പിന്തുണയുണ്ട്. മറ്റൊരു ഭാഗത്ത് സൈബർ ആക്രമണവും നടക്കുന്നു.
കുഞ്ഞിനെയും കൊണ്ടു സമരം ചെയ്യൽ സാധ്യമല്ല. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല. കുട്ടിക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനുപമ പറഞ്ഞു.