
കരളലിയിപ്പിക്കുന്ന കാഴ്ചകളുടെ ദിവസമായിരുന്നു ഇന്നലെ വരെ. പ്രളയത്തിന്റെ ദുരന്ത മുഖത്തു നിന്ന് സർവവും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ ഒതുങ്ങിക്കൂടിയ ഒരു കൂട്ടം മനുഷ്യർ സമൃദ്ധിയുടെ നാലുചുവരുകൾക്കുള്ളിൽ നിന്ന് ക്ഷണനേരം കൊണ്ട് ഇല്ലായ്മയുടെ ഇത്തിരിവട്ടത്തിലേക്കു വലിച്ചെറിയപ്പെട്ടവർ. പക്ഷെ പതുക്കെയെങ്കിലും അവരും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു. മലപ്പുറം എടപ്പാളിനടുത്തു വട്ടംകുളത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥിയാണ് സങ്കടത്തിന്റെ ചെളിയിൽ മൂടിക്കിടന്നവർക്കു സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചത്. ക്യാമ്പിലെത്തിയ ഒരു അറബിയുടെ മലയാളം പാട്ട് അവിടെ മാത്രമല്ല സോഷ്യൽ മീഡിയയിൽ ആകെ തരംഗമാകുകയാണ്. സൗദി അറേബ്യ സ്വദേശിയാണ് ഇദ്ദേഹം.