‘പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് ഭാവമുണ്ടായി; അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം; കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി; ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പറേഷനില്‍ തകരാന്‍ കാരണം’; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് ഗായത്രി ബാബു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവവും അധികാരത്തില്‍ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്റെ വിമര്‍ശനം.

കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ആര്യാ രാജേന്ദ്രന്‍ എല്‍ഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗാത്രി ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിച്ചു. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്ര കനത്തില്‍ ആകുമായിരുന്നില്ല തിരിച്ചടി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിരുന്നു ഗായത്രി ബാബു. എന്തായാലും ജനകീയ പ്രവര്‍ത്തനത്തിലൂടെ വരും കാലം കോര്‍പ്പറേഷന്‍ പാര്‍ട്ടി തിരിച്ചുക്കുക തന്നെ ചെയ്യുമെന്ന് ഗായത്രി ബാബു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്യാ രാജേന്ദ്രന് അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛവും കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. പ്രാദേശിക നേതാക്കളുടെ സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിപരുന്നെങ്കില്‍ തിരിച്ചടി ഇത്ര കനത്തിലാകുമായിരുന്നില്ലെന്ന് ഗായത്രി പറയുന്നു.

എല്‍ഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭരണസമിതിയില്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് ആര്യാ രാജേന്ദ്രന് എതിരെ ഉയരുന്നത്.

ഗായത്രിബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേര്‍ത്ത് പിടിച്ച കോര്‍പ്പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എല്‍ഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാള്‍ അധികം ഭരണസമിതി എല്‍ഡിഎഫിനുണ്ട്. അതായത്, പാര്‍ട്ടിയുടെ ജില്ലയിലെ പ്രവര്‍ത്തനം സംഘടനാപരമായി മികച്ചതാണ് എന്നര്‍ഥം.

അതേസമയം, കോര്‍പറേഷനിലാകട്ടെ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകളില്‍ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോര്‍പ്പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും, അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാര്‍ലമന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാന്‍ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍, കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.

 

Top