ന്യൂഡല്‍ഹി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് കനികാത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുകയും അപരമാര്യദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ മദ്രസ ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ജാമിയ എഹ്‌സാനുല്‍ ബനാത്ത് ഗേള്‍സ് മദ്രസിലാണ് സംഭവം നടന്നത്.
മദ്രസയില്‍ സ്ഥിരമായി വരാത്തതിനാല്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് വീണ്ടും ക്ലാസില്‍ പ്രവേശിക്കണമെങ്കില്‍ കനികാത്വം തെളിയിക്കുന്ന മെഡിക്കല്‍ പരിശോധന നടത്തണമെന്ന് മദ്രസ അധികൃതര്‍ മാതാപിതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു.
മദ്രസ ജീവനക്കാര്‍ തന്റെ മകളെ അപമാനിച്ചെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും പിതാവ് പ്രതികരിച്ചു. ഫീസ് അടച്ചിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ഫീസ് തിരികെ നല്‍കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മദ്രസ നല്‍കിയ രേഖകളുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മദ്രസയുടെ പ്രിന്‍സിപ്പിലിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രധാന അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.


