ജിതേഷ് ഏ വി
ഫോക്കസ് കേരള-2021 -2 കണ്ണൂർ.
കണ്ണൂർ : കണ്ണൂരിൽ മുഴുവൻ സീറ്റും പിടിച്ചെടുത്ത് ഞെട്ടിക്കാൻ ഇടതു നീക്കം.കണ്ണൂർ എന്നും ഇടതുപക്ഷത്തിന്റെ കോട്ടയാണ് .അത് ഇത്തവണയും കോട്ടയായി സൂക്ഷിക്കും എന്ന് തന്നെയാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡ് നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ എന്ന ഇലക്ഷൻ സർവേയിൽ മനസിലാക്കുന്നത് .ഇന്ന് ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .സർവേയുടെ അവസാനം ഏതുമുന്നണിക്കാണ് മുൻതുക്കം എന്ന് നിരീക്ഷണ റിപ്പോർട്ട് പുറത്ത് വിടും.
യാഥാർത്ഥ്യങ്ങൾക്കും അപ്പുറം കെട്ടുകഥകളുടെ വായ്ത്താരിയാൽ രാഷ്ട്രീയതിപ്രസരമെന്ന് മുദ്രകുത്തിയ കേരളത്തിലെ പ്രധാന പട്ടണങ്ങളിലൊന്ന്… വസ്തുതകളെടുത്ത് പരിശോധിച്ചാൽ നമുക്ക് കാണാം ആത്മാർത്ഥതയും സത്യസന്ധതയും കൊണ്ട് ധീരചരിത്രം രചിച്ച അനശ്വര ധീരന്മാരുടെ ആ മണ്ണിനെ…
ചരിത്രവും സംസ്കാരവും ഇഴചേർന്നു കിടക്കുന്ന കണ്ണൂരിനെ.
തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പും വേദനയും കൂട്ടികുഴച്ച്, കാലത്തിന്റെ കർമ്മനിയോഗത്തിൽ കേരളത്തിന് ദിശാബോധം പകരാൻ ജന്മം കൊണ്ട ഒരു കൂട്ടം രാഷ്ട്രീയ മഹാരഥന്മാരുടെ ജന്മനാട്… തറികളുടെയും തിറകളുടേയും ഈറ്റില്ലമായ കണ്ണൂർ വിശ്വസ സമൂഹത്തിന് എന്നും കണ്ണന്റെ ഊര് തന്നെ…
ചെറുശ്ശേരിയുടെ കൃഷ്ണഗാഥക്ക് ജീവൻ തുടിച്ച ചിറക്കൽ കോവിലകത്തിന്റേയും കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജകുടുംബത്തിന്റേയും ഉൾപ്പെടെ ഒട്ടനവധി ഗതകാല സ്മൃതികളാൽ സമ്പന്നമായ വിസ്മയ ചരിത്രമുള്ള കണ്ണൂർ…ദേശീയ സമര പോരാട്ടങ്ങളുടെ ജ്വാലകളാൽ വെളിച്ചമേന്തി രാഷ്ട്രീയ കേരളത്തിന്റെ ഭൂപടത്തിൽ ജ്വലിച്ചു നിൽക്കുന്ന നാട്…
Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.
സ്വതന്ത്ര ഭാരതത്തിലെ മികച്ച പാർലിമെന്റേറിയനും പ്രതിപക്ഷ നേതാവുമായിരുന്ന സഖാവ് എ കെ ഗോപാലനെന്ന AKGക്കും, കേരളത്തിലെ മുഖ്യമന്ത്രിമാരായ ഇ കെ നായനാർക്കും, കെ കരുണാകരനും, പിണറായി വിജയനും ജന്മം നല്‌കിയ കണ്ണൂരിന് ആർ ശങ്കറെന്ന മുഖ്യമന്ത്രിയെ ജയിപ്പിച്ചു വിട്ട മറ്റൊരു പരമ്പര്യവും ഉണ്ട്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബീജാവാപം ചെയ്ത പാറപ്രം എന്ന പ്രദേശത്തിന്റെ പെരുമയും, കയ്യൂരിന്റെയും, കാവുംമ്പായിയുടേയും, കരിവള്ളൂരിന്റേയും, പാടിക്കുന്നിന്റേയും, മോറാഴയുടേയും സമരവീരഗാഥകളാൽ കോരിത്തരിപ്പിക്കുന്ന കണ്ണൂർ എന്നും ചെം പട്ടണിഞ്ഞു നിൽക്കുന്ന വിപ്ലവ ഭൂമി തന്നെ…
കേരളപ്പിറവിയോടൊപ്പം 1957 ൽ രൂപീകൃതമായ പയ്യന്നൂർ, ഇരിക്കൂർ, തലശ്ശേരി, കൂത്തുപറമ്പ്, 1965 ൽ രൂപം കൊണ്ട തളിപറമ്പ്, കണ്ണൂർ, 1977ൽ വന്ന അഴിക്കോട്, പേരാവൂർ 2008ലെ മണ്ഡലം പുനർനിർണ്ണയത്തോടെ 2011ൽ നിലവിൽ വന്ന ധർമ്മടം, മട്ടന്നൂർ, കല്ല്യാശ്ശേരി എന്നീ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളാണ് കണ്ണൂർ ജില്ലയിൽ നിലവിലുള്ളത്. ബഹു ഭൂരിപക്ഷം മണ്ഡലങ്ങളുടേയും രാഷ്ട്രീയം എന്നും ഇടത്തോട്ടു തന്നെ.
CPM ന് വ്യക്തവും ശക്തവുമായ ആധിപത്യമുള്ള ജില്ലയിൽ കോൺഗ്രസ്സും UDF ഉം നില മെച്ചപ്പെടുത്തിയ കാലം ഗാന്ധിയൻ നേതാക്കന്മാർ ജില്ലയിൽ കോൺഗ്രസ്സ് അധ്യക്ഷസ്ഥാനം അലങ്കരിച്ച നാളുകളിൽ മാത്രമാണ്. 1987 ൽ എസ്സ് ആർ ആന്റണി DCC പ്രസിഡന്റായിരുന്നപ്പോൾ 4 MLA മാരുണ്ടായ UDF ന് പി രാമകൃഷ്ണൻ DCC പ്രസിഡന്റായ കാലത്ത് 5 MLA മാരെ കിട്ടി. 2016ലെ തിരഞ്ഞെടുപ്പിൽ 8 MLA മാരെ LDFഉം 3 MLA മാരെ UDFഉം നേടി.
ഇടത് കോട്ടയായ പയ്യന്നൂർ മറ്റു പാർട്ടികൾക്ക് ബലികേറാമലയാണ്. അവിടത്തെ കാറ്റിനു പോലും ഇടതുചായ് വാണെന്നു പറഞ്ഞാൽ അതൊരിക്കലും ഒരു അതിശയോക്തിയല്ല. പയ്യന്നൂർ മണ്ഡലത്തിൽ LDF ഒഴികെ ഉള്ളവരുടെ തിരഞ്ഞെടുപ്പ് മത്സരം പോലും വെറും ഒരു പേരിന് മാത്രം.
രൂപീകൃതമായ ശേഷം വന്ന രണ്ട് തിരഞ്ഞെടുപ്പു കളിലും ഇടനെഞ്ചിലെ ഇടതുസ്നേഹം ആവർത്തിച്ചുറപ്പിച്ച കല്യാശ്ശേരി ഇത്തവണയും ചുകന്ന് തടുക്കും എന്നത് ഉറപ്പാണ്. കഴിഞ്ഞ കാലങ്ങളിൽ UDF യുവ വനിതകളെ നിർത്തി പരീക്ഷിച്ച മണ്ഡലത്തിൽ പോൾ ചെയ്തതിന്റെ 58 ശതമാനത്തോളം വോട്ടുകൾ LDF നേടിയപ്പോൾ വെറും 34 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു UDFന്. 4 ശതമാനം മാത്രമാണ് NDA ക്ക് നേടാനായത്. LDF വിജയക്കൊടി പാറിക്കാൻ മാത്രം മത്സരിക്കുന്ന മറ്റൊരു മണ്ഡലമാണ് കല്യാശ്ശേരി.
ജില്ലയിലെ മറ്റൊരു ഇടതു കോട്ടയാണ് തളിപ്പറമ്പ്. 1996 ലും 2001ലും മണ്ഡലത്തെ പ്രതിനിധീകരിച്ച എം വി ഗോവിന്ദൻ മാസ്റ്റർ ഇത്തവണ വീണ്ടും LDF സാരഥി ആയി വരുമ്പോൾ ആവർത്തിച്ചുള്ള വിജയം മാത്രമാണ് ഇടതുലക്ഷ്യം. പൊതുവേ മണ്ഡലത്തിൽ ഏറെ സമ്മതനായ ഗോവിന്ദൻ മാസ്റ്റർക്കെതിരെ UDF ക്യാമ്പുകളിൽ നിന്ന് തൊടുത്തുവിടുന്ന ആരോപണം ആന്തൂർ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ ഒരു വിഷയം മാത്രമാണ്. അതിന്റെ യാഥാർത്ഥ്യങ്ങൾ ആന്തൂരും തളിപ്പറമ്പും തിരിച്ചറിഞ്ഞു എന്ന പ്രതികരണങ്ങളാണ് ഇപ്പോൾ കേൾക്കുന്നത്. നാമമാത്രമായ വളരെ ചുരുക്കം ആളുകൾ UDF ന്റെ ഈ ബാലിശമായ പ്രചരണം ആവർത്തിക്കുന്നു എന്നതൊഴിച്ചാൽ ഇടതുപക്ഷം വിജയം സുനിശ്ചിതമാണ് തളിപ്പറമ്പിൽ. പ്രധാന എതിർ സ്ഥാനാർത്ഥിയായ ന്യൂനപക്ഷ സമുദാത്തിൽ നിന്നുള്ള വിദ്യാർത്ഥി യുവജന നേതാവിന്റെ പ്രചരണങ്ങളെ ആശ്രയിച്ച് ഭൂരിപക്ഷത്തിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായെങ്കിൽ ആയി എന്നു മാത്രമാണ് തളിപ്പറമ്പിനെ സംബന്ധിച്ചുള്ള ജനപക്ഷ വിലയിരുത്തൽ.
പഴയ എടക്കാട് തലശ്ശേരി നിയമസഭാ മണ്ഡലങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത ധർമ്മടം ഇടതുപക്ഷത്തിന്റെ അമരക്കാരനായ സ.പിണറായി വിജയന്റെ ജന്മ നാടുകൂടിയാണ്. 98% സക്ഷരത രേഖപ്പെടുത്തിയ ധർമ്മടം CPM ന് സർവ്വാധിപത്യമുളള മേഖലകളാൽ സമ്പന്നമാണ്. ഇടതുപക്ഷ നായകനായ പിണറായി വിജയനെ നേരിടാൻ മാത്രം പ്രാപ്തമായ മറ്റൊരാളില്ല ഇവിടെ എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കഴിഞ്ഞ രണ്ടു തവണ ധർമ്മടം മണ്ഡലത്തിൽ UDF സ്ഥാനാർത്ഥിയായി മത്സരിച്ച മമ്പറം ദിവാകരൻ ഇത്തവണ ധർമ്മടത്തു പിണറായി വിജയനെതിരെ മത്സരിക്കാൻ താല്പര്യമില്ല എന്നത് വളരെ നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ പ്രചരണ പ്രവർത്തനങ്ങളിൽ പോലും മറ്റുള്ളവരുടെ പ്രകടനം വെറും വെറുതേ എന്നാണ് ധർമ്മടത്തുകാർ ഒന്നടങ്കം പറയുന്നത്. തുടർ ഭരണമെന്ന പൊതു വികാരം തരംഗമാകുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകാൻ തന്നെ മത്സരിക്കുന്ന സ.പിണറായി വിജയന്റെ ഭൂരിപക്ഷത്തിന്റെ വർദ്ധനവ് എത്ര എന്നറിയാനാണ് ധർമ്മടം കാതോർത്തിരിക്കുന്നത്.
You May Like :കേരളം ആര് നേടും.വോട്ടർ അറിയാത്ത തിരഞ്ഞെടുപ്പ് സർവ്വേ; വ്യത്യസ്തമായ സർവ്വേയുമായി ഹെറാൾഡ്
ഇ കെ നായനാർ മുഖ്യമന്ത്രിയാകാൻ മത്സരിച്ച് വിജയിച്ച തലശ്ശേരി മണ്ഡലം VR കൃഷ്ണയ്യരേയും കോടിയേരി ബാലകൃഷ്ണനേയും പോലുള്ള പ്രഗത്ഭരെ വിജയിപ്പിച്ച ഭൂതകാല ചരിത്രമുള്ള മണ്ഡലമാണ്. തലശ്ശേരി അതിരൂപതയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തലശ്ശേരി എന്നും ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമാണ്.
CPM ലെ എം എൻ ഷംസീറാണ് നിലവിലെ MLA. LDF വീണ്ടും ഷംസീറിനെ തന്നെയാണ് മത്സര രംഗത്തിറക്കുന്നത്. ഓരോ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കുത്തനെ വർദ്ധിപ്പിച്ച ഇടതുപക്ഷം ചിട്ടയായ പ്രവർത്തനത്തിലൂടെ മണ്ഡലം നിലനിർത്തും എന്നതുറപ്പാണ്. ഈ ഭരണത്തിന്റെ ആദ്യ നാളുകളിൽ അന്തർ ദേശീയ തലത്തിൽ വരെ കോൺഗ്രസ്സ് ഉയർത്തി കൊണ്ടുവന്ന കുട്ടിമാക്കൂൽ ദളിത് പീഡനത്തിലെ ഇരകൾ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് CPM നോടൊപ്പം ചേർന്നു എന്നത് സംസ്ഥാന തലത്തിൽ തന്നെ UDF നെതിരെയുണ്ടാകാൻ പോകുന്ന പ്രധാന പ്രചരണ വിഷയമാകും. LDFനു എതിരെ വരാനിടയുണ്ടായിരുന്ന വലിയൊരു രാഷ്ട്രീയ പ്രചരണത്തിന്റെ മുന ഒടിച്ച ആത്മവിശ്വാസത്തിൽ പഴുതുകളടച്ച പ്രവർത്തനം തന്നെയാണ് LDF കാഴ്ചവെക്കുന്നത്. മറ്റ് മുന്നണികളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പോലും ചർച്ച ചെയ്യാൻ തലശ്ശേരി തയ്യാറാകുന്നില്ല എന്നതാണ് ഇവിടെ കണ്ട പ്രത്യേകത.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രശസ്തി ലോകത്തിന്റെ നെറുകയിൽ എത്തിച്ച കെ കെ ശൈലജ ടീച്ചർ 2011ൽ ജയിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. LDF ഇത്തവണ മണ്ഡലം ഘടകകക്ഷിക്ക് മാറ്റി വെച്ചപ്പോൾ കുത്തുപറമ്പിൽ നിന്നും ടീച്ചർ മട്ടന്നൂരിലേക്ക് മാറി.
2011 ൽ UDF സ്ഥാനാർത്ഥിയായി കുത്തുപറമ്പിൽ നിന്ന് അത്ഭുത വിജയം നേടിയ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക് ന്റെ നേതാവായ KP മോഹനനാണ് കുത്തുപറമ്പിൽ ഇത്തവണ LDF സ്ഥാനാർത്ഥി. അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ മണ്ണ് മറ്റാർക്കും കൊടുക്കാതെ ചേർത്തു നിർത്താൻ തന്നെയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. കൂത്തുപറമ്പുകാരുടെ പ്രിയങ്കരനായ സോഷ്യലിസ്റ്റ് നേതാവ് പി ആർ കുറുപ്പിന്റെ മകനെന്ന പരിഗണനയും സൗമ്യനും മികച്ച നിയമസഭാ സാമാജികനും, മന്ത്രിയുമെന്ന സൽകീർത്തിയും KP മോഹനന് തുണയാകും എന്നാണ് കൂത്തുപറമ്പുകാരുടെ ഉറച്ച വിശ്വാസം. CPM ൽ കേട്ടുകേൾവിയില്ലാത്ത വിധം താരപരിവേഷം അണികൾ ചാർത്തി നൽകിയ പി ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിൽ LDF ജയിച്ചു വരേണ്ടത് CPM ന്റെ അഭിമാന വിഷയം കൂടിയാണ്.