ജയ്പൂര്‍: കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുടുംബം. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന് കുടുംബം കണ്ണീരോടെ വിട നല്‍കി. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിന് മുന്നോടിയായി നിരവധി പ്രമുഖര്‍ ജയ്പൂരിലെ മിലിട്ടറി സ്റ്റേഷനില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ബിജെപി എംപിയായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തുടങ്ങിയവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും അശുതോഷ് ശര്‍മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൃതദേഹത്തിന് അരികിലെത്തി സല്യൂട്ട് ചെയ്തു. അദ്ദേഹത്തിന്റെ അമ്മയും അവസാനമായി സല്യൂട്ട് നല്‍കി. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു നടപടി ക്രമങ്ങളെല്ലാം.
ഭീകര വിരുദ്ധ ദൗത്യങ്ങളിലെ മികവിന് രണ്ടു തവണ ധീരതാ പുരസ്‌ക്കാരം നേടിയ വ്യക്തിയാണ് കേണല്‍ അശുതോഷ് ശര്‍മ. ഹന്ദ്‌വാരയില്‍ കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷനിടെയായിരുന്നു വീരമൃത്യു . 21 രാഷ്ട്രീയ റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു അദ്ദേഹം.