ദുബായ് : വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമയായ അറ്റ്‌ലസ് രാമചന്ദ്ര(74)ന് മൂന്ന് വര്‍ഷം തടവ്. ദുബായ് കീഴക്കോടതിയുടേതാണ് വിധി. വിധി കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ എത്തിയിരുന്നു. വിധികേട്ട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ കോടതി വിട്ടത്. അതേസമയം, വിധിയില്‍ അപ്പീല്‍ പോകുമെന്ന് രാമചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
കടമെടുത്ത ബാങ്ക് വായ്‌പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ നിരന്തരമായി മടങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയിലാണ് തൃശ്ശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കാണ് മടങ്ങിയത്. നിലവില്‍ ദുബായ് പോലീസിന്റെ കരുതല്‍ തടങ്കലിലാണ് രാമചന്ദ്രന്‍.
അറ്റ്‌ലസ് ഗ്രൂപ്പ് പതിനഞ്ചിലേറെ ബാങ്കുകളില്‍ നിന്നായി 550 ദശലക്ഷം ദിര്‍ഹമാണ് വായ്‌പയെടുത്തിരുന്നത്. വായ്‌പ തിരിച്ചടയ്‌ക്കാതിരുന്നതോടെ ബാങ്കുകള്‍ രാമചന്ദ്രനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും ഇത് പരാജയമായതോടെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ ദുബായിലുള്ളത്.