തിരുവനന്തപുരം: ഇതിനോടകം 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പിടിയിലായ എടിഎം തട്ടിപ്പിലെ മുഖ്യപ്രതി പറയുന്നു. എടിഎം തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രമാക്കിയാണെന്നും ഗബ്രിയേല്‍ മരിയന്‍ പറഞ്ഞു.
വന്‍ സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്നും കഴിഞ്ഞ ദിവസം മുംബൈയില്‍ അറസ്റ്റിലായ ഗബ്രിയേല്‍ കേരള പൊലീസിനോടു പറഞ്ഞു. സംഘത്തില്‍ അതീവ സാങ്കേതിക പരിജ്ഞാനമുള്ളവരുമുണ്ടെന്നും ഇയാള്‍ അറിയിച്ചു. തിരുവനന്തപുരത്തു പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരം വെള്ളയമ്പലം എസ്ബിടി എടിഎമ്മില്‍ നിന്നു 400 പേരുടെ അക്കൗണ്ട് വിവരങ്ങളാണു ചോര്‍ത്തിയത്. ബാങ്ക് നെറ്റ്ര്‍വര്‍ക്കിലേക്കുള്ള കോഡും മനസിലാക്കി. 30 എടിഎമ്മുകള്‍ പരിശോധിച്ചതിനുശേഷമാണു വെള്ളയമ്പലത്തെ എടിഎം തിരഞ്ഞെടുത്തതെന്നും ഗബ്രിയേല്‍ മൊഴി നല്‍കി.
വെള്ളയമ്പലം എടിഎമ്മിന്റെ സുരക്ഷാവീഴ്ചയാണ് തട്ടിപ്പിനു സഹായകമായത്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ എസ്ബിടി എടിഎമ്മുകളിലും പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയാണ്.