മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് ആദാവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു((27) ആണ് മരിച്ചത്. മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. മകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു. വ്യാഴാഴ്ച അരിമോഷ്ടിച്ചെന്നാരോപിച്ചാണ് അക്രമികൾ മധുവിനെ പിടികൂടിയത്. ഇയാളെ ആളുകൾ സംഘം ചേർന്ന് മർദിച്ചു. വനത്തിൽവച്ചാണ് ഇക്കാര്യമെല്ലാം നടന്നത്. പിന്നീടാണ് കവലയിലേക്ക് മധുവിനെ കൊണ്ടുവന്നത്. തുടര്‍ന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മുക്കാലിയിൽനിന്ന് പൊലീസ് ജീപ്പിൽ അഗളി സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ മധുവിന് ഛർദി അനുഭവപ്പെട്ടു. അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യൻ പറഞ്ഞു. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം പറയുന്നു.

Top