ഭാര്യവീട്ടിൽ നിന്നും ബന്ധുക്കൾ വരാനിരിക്കെ വാഹനാപകടം: നീലിമംഗലത്ത് ഓട്ടോ ഡ്രൈവർ മരിച്ചത് ദാരുണമായി

കോട്ടയം: ഒന്നര മാസം മുൻപ് വിവാഹിതനായി, മധുവിധു കാലം തീരും മുൻപ് രഞ്ജിനുണ്ടായ ദുരന്തം നാടിനെ നടുക്കി. എം.സി റോഡിൽ കോട്ടയം നീലിമംഗലം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രഞ്ജിന്റെ വിവാഹം ഒന്നര മാസം മുൻപാണ് നടന്നത്. ആലപ്പുഴ സ്വദേശിയായ ഭാര്യയുടെ വീട്ടിൽ നിന്നും ബന്ധുക്കൾ അലമാരയും, പലഹാരങ്ങളുമായി അടുക്കളകാണാൻ ഇന്ന് എത്താനിരിക്കെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ വില്ലനായി എത്തിയത്. സെപ്റ്റംബർ 16 നായിരുന്നു രഞ്ജിനും, സോനയും തമ്മിലുള്ള വിവാഹം.

കുറുപ്പന്തറ മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിൻ സെബാസ്റ്റ്യനാ(28)ണ് അപകടത്തിൽ ദാരുണമായി മരിച്ചത്. കോട്ടയം നഗരത്തിൽ അടക്കം ഓട്ടോറിക്ഷയിൽ ഇറച്ചി വിതരണം ചെയ്യുന്ന ജോലിയാണ് രഞ്ജിന്. ഞായറാഴ്ച ബന്ധുവീട്ടുകാർ എത്തുന്നതിനാൽ അവധിയെടുത്തിരിക്കുകയായിരുന്നു. എന്നാൽ, പകരം ഓട്ടം പോകാൻ മറ്റൊരാളെ കിട്ടാതെ വന്നതിനാൽ രഞ്ജിൻ തന്നെ ഓട്ടോയുമായി ഇറങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. ഇത്തരത്തിൽ നഗരത്തിലെത്തി ഇറച്ചി നൽകിയ ശേഷം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇതിനിടെയാണ് നീലിമംഗലം പാലത്തിലെ വിള്ളൽ അപകടത്തിന് ഇടയാക്കിയത്. രഞ്ജിൻ സഞ്ചരിച്ച ഓട്ടോറിക്ഷ റോഡിലെ വിള്ളലിൽ ചാടി നിയന്ത്രണം വിട്ട് എതിരെ എത്തിയ കെ.എസ്.ആർ.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഞ്ജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളം അടക്കമുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Top